ഷാർജയിൽ വീശിയടിച്ച പൊടിക്കാറ്റ്; സച്ചിന് ഇന്ന് 47-ാം ജന്മദിനം

ഏപ്രിൽ 24 1998. കൊക്കകോള കപ്പിലെ അവസാന ഗ്രൂപ്പ് മത്സരം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 284 എന്ന കൂറ്റൻ സ്കോറാണ് അടിച്ചെടുത്തത്. ഫൈനലിൽ ന്യൂസിലൻഡിനെ മറികടന്ന് ഓസ്ട്രേലിയയുമായി കൊമ്പുകോർക്കണമെങ്കിൽ ഇന്ത്യക്ക് 254 റൺസ് എങ്കിലും സ്കോർ ചെയ്യണം. ഇന്ത്യ ബാറ്റിംഗ് തുടങ്ങി. സച്ചിൻ തെണ്ടുൽക്കർ എന്ന 24കാരൻ്റെ ബാറ്റിൻ്റെ ചൂട് ഓസ്ട്രേലിയ അറിഞ്ഞ ദിവസമായിരുന്നു അന്ന്. ഷെയിൻ വോണും ഡാമിയൻ ഫ്ലെമിംഗും മൈക്കൽ കാസ്പറോവിച്ചും അടങ്ങിയ ഓസീസ് അറ്റാക്കിനെ സ്കൂൾ കുട്ടികളെ പോലെ കൈകാര്യം ചെയ്ത സച്ചിൻ കത്തിക്കയറുമ്പോഴാണ് ഷാർജയിൽ മണൽക്കാറ്റ്. 41 ഡിഗ്രി ചൂടിൽ വിയത്തു കുളിച്ച കളിക്കാർ ഡ്രസിംഗ് റൂമിലേക്ക് കാറ്റ് കൊള്ളാൻ പാഞ്ഞപ്പോൾ സച്ചിൻ തൻ്റെ ഹെൽമറ്റ് പോലും അഴിക്കാതെ ഡഗ് ഔട്ടിൽ ഇരുന്നു. കത്തുന്ന ചൂടിനെക്കാൾ തീക്ഷണമായിരുന്നു അന്നത്തെ സച്ചിൻ്റെ ഇച്ഛാശക്തി. മണൽക്കാറ്റ് മാറി ഇന്ത്യയുടെ ലക്ഷ്യം 46 ഓവറിൽ 276 ആയി പുനർനിർണയിച്ചു. ഇടവേള സച്ചിനെ തളർത്തിയില്ല. പന്ത് പലതവണ ഗ്യാലറി തൊട്ടു. അഞ്ചടി അഞ്ചിഞ്ചുകാരനായ ആ മനുഷ്യൻ കേളി കേട്ട ഓസീസ് ബൗളിംഗ് അറ്റാക്കിനെ അടിച്ചൊതുക്കി അന്ന് നേടിയത് 131 പന്തിൽ 143 റൺസ്. മോഡേൺ ക്രിക്കറ്റിലേക്ക് സച്ചിൻ്റെ വരവറിയിപ്പ്.

രണ്ട് ദിവസങ്ങൾക്കു ശേഷം വീണ്ടും ഷാർജ. കൊക്കകോള കപ്പ് ഫൈനൽ. തൻ്റെ ജന്മദിനത്തിൽ വീണ്ടും സച്ചിൻ എന്ന മോഡേൺ ബാറ്റ്സ്മാൻ ഓസീസ് ബൗളിംഗിനെ കടന്നാക്രമിച്ചു. സാൻഡ് സ്റ്റോം ഇന്നിംഗ്സിൻ്റെ തനിയാവർത്തനം. ഓസീസ് വലഞ്ഞു. 131 പന്തിൽ 134 റൺസെടുത്ത സച്ചിൻ തെളിച്ച വഴിയെ നടന്ന ഇന്ത്യ ഓസീസിൻ്റെ 272 മറികടന്ന് 6 വിക്കറ്റ് ജയം കുറിച്ചു.

പതിനാറാം വയസ്സിൽ തുടങ്ങി 38 ആം വയസ്സ് വരെ നീണ്ടു നിന്ന ബൃഹത്തായ 22 വർഷത്തെ കരിയറിൽ സച്ചിൻ നൽകിയത് ഓർമയിൽ ഇനിയും പച്ചപിടിച്ചു നിൽക്കുന്ന ഒട്ടേറെ ഇന്നിംഗ്‌സുകളാണ്. സിബി സീരീസിൽ ബ്രെറ്റ് ലീയുടെ ബീമറിന് മറുപടി നൽകിയ സ്ട്രൈറ്റ് ഡ്രൈവും അക്തറിനെതിരെ കളിച്ച അപ്പർ കട്ടും പിന്നെയും പിന്നെയുമേറെ മറക്കാനാവാത്ത മുഹൂർത്തങ്ങൾ. ഒരൊറ്റ കവർ ഡ്രൈവ് പോലുമില്ലാതെ ഓസീസിനെതിരെ സച്ചിൻ സിഡ്നിയിൽ കളിച്ച ക്ലാസിക്ക് ഇന്നിംഗ്സ്. ടെന്നീസ് എൽബോ ബുദ്ധിമുട്ടിച്ച സമയത്ത് കരിയർ അവസാനിച്ചു എന്ന് എല്ലാവരും വിധിയെഴുതിയപ്പോഴും സച്ചിൻ തിരിച്ചു വന്ന് തന്റെ ഭാരമേറിയ ബാറ്റു കൊണ്ട് മറുപടി നൽകി. വിരമിച്ച് ഏറെ നാൾ കഴിയും മുൻപേ സച്ചിൻ വിസ്മരിക്കപ്പെടും എന്ന് പറഞ്ഞ മിയാൻദാദിനോട് സഹതാപം. പാഡഴിച്ച് ഏഴ് വർഷങ്ങൾക്കിപ്പുറവും സച്ചിൻ വൈകാരികതയായിത്തന്നെ നിലകൊള്ളുന്നു. അത്രത്തോളമാണ് സച്ചിൻ ഇന്ത്യൻ ജനതയെ സ്വാധീനിച്ചത്.

അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 74 റൺസെടുത്ത് പുറത്തായി പവലിയനിലേക്ക് നടക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ 16000 റൺസ് തികയ്ക്കാൻ വെറും 79 റൺസ് ആയിരുന്നു വേണ്ടത്. കളിയിൽ സച്ചിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഡാരൻ സമ്മി നിലത്തിരുന്നു. അയാൾ ആഹ്ലാദിച്ചില്ല. ഇനിയൊരിക്കലും 22 വാരക്കുള്ളിൽ ‘ടൂത്ത് ബ്രഷ് ചുഴറ്റുന്ന’ ലാഘവത്തോടെ ബാറ്റ് വീശാൻ അയാളുണ്ടാവില്ല എന്ന് സമ്മി മനസ്സിലാക്കിയിരുന്നു.

വിടവാങ്ങൽ പ്രസംഗത്തിൽ ഗാലറിയിൽ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം സച്ചിനെ പിന്തുടർന്നിരുന്ന ആ ശബ്ദം, ‘സച്ചിൻ.., സച്ചിൻ..’ എന്ന ആ ആരവം അവസാനമായി ഒരിക്കൽ കൂടി വാംഖഡെയുടെ മൈതാനത്തെ പ്രകമ്പനം കൊള്ളിച്ചു. ഇനിയൊരിക്കലും ആ ആരവം തനിക്ക് കേൾക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് സച്ചിന്റെ കണ്ണ് നനയിച്ചു. ക്രിക്കറ്റ് ജേഴ്സിയണിഞ്ഞ സച്ചിനെ അവസാനമായി കാണാൻ സ്റ്റേഡിയത്തിലേക്കിരമ്പിയെത്തിയ ആയിരങ്ങൾ മുഖം പൊത്തി കണ്ണ് തുടച്ചു. വാംഖഡെ വിതുമ്പുകയായിരുന്നു. സച്ചിന്റെ സംസാരം കണ്ട് ടിവിക്ക് മുന്നിലിരുന്ന്‌ നമ്മൾ എത്ര പേരാണ് കരഞ്ഞത്. ക്രിക്കറ്റ് കളി കാണാൻ തുടങ്ങിയത് മുതൽ കണ്ട് പരിചയിച്ച മുഖം ഇനി ഉണ്ടാവില്ലെന്ന ഭീകരമായ ഒരു തിരിച്ചറിവിന്റെ സമയമായിരുന്നു അത്. ഭീതിപ്പെടുത്തുന്ന ശൂന്യത.

കളിക്കളത്തിലെ കണക്കുകൾക്കപ്പുറം വിവാദങ്ങളിലൊന്നും പെടാത്ത ഓഫ് ദ പിച്ച്, ഓൺ ദ പിച്ച് ജീവിതം കൂടി സച്ചിൻ സമാന്തരമായി ലോകത്തിനു കാണിച്ചു കൊടുത്തത് തന്നെയാണ് മറ്റൊന്ന്. 16ആം വയസ്സിൽ പണമുണ്ടാക്കിത്തുടങ്ങിയ സച്ചിൻ 21ആം വയസ്സിൽ കോടീശ്വരനായി. മാർക് മസ്കരനാസ് എന്ന ക്രിക്കറ്റ് ഏജൻ്റ് തിരുത്തി എഴുതിയ താരങ്ങളുടെ ജാതകത്തിലെ ആദ്യ പേരായിരുന്നു സച്ചിൻ. പരസ്യങ്ങളും പല ബ്രാൻഡുകളുടെയും അംബാസിഡറും. പണക്കൊഴുപ്പിൽ എവിടെയും എത്താതെ പോയ താരങ്ങളുടെ പട്ടികയിൽ പ്രവേശിക്കാൻ സച്ചിന് എളുപ്പമായിരുന്നു. പക്ഷേ, സച്ചിൻ മറ്റൊരു ജനുസായിരുന്നു. അതുകൊണ്ട് തന്നെയാണ് സച്ചിൻ സൃഷ്ടിച്ചു വച്ച കണക്കുകൾ തകർക്കപ്പെടുമ്പോഴും സച്ചിൻ എന്ന ബ്രാൻഡ് ഉടയാതെ നിൽക്കുന്നത്. സച്ചിൻ ഇന്ത്യക്കാർക്ക് കേവലം സംഖ്യകൾക്കപ്പുറം മറ്റ് പലതുമാണ്.

ഡസര്‍ട്ട് സ്റ്റോം ഇന്നിംഗ്‌സിനിടെ കേട്ട ടോണി ഗ്രിഗറിയുടെ ഒരു കമന്ററിയിൽ നിർത്താം. കാസ്പറോവിച്ചിനെ ക്രീസ് വിട്ടിറങ്ങി ലോങ്ങ് ഓണിനു മുകളിലൂടെ ഗാലറിയിലേക്കെത്തിച്ചപ്പോൾ ഷോട്ടിനെ വർണിച്ച ശേഷം ടോണി പറഞ്ഞു; “വാട്ട് എ പ്ലെയർ. വാട്ട് എ വണ്ടർഫുൾ പ്ലെയർ”. ആ കളി കണ്ട, ആ കമന്ററി കേട്ട ഏതൊരാൾക്കും ഈ വാചകങ്ങളുടെ പൊരുൾ മനസ്സിലാകും. അതേ പറയാനുള്ളൂ.

Story Highlights: sachin tendulkar birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top