Advertisement

അർണബ് ഗോസ്വാമിക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി സുപ്രിംകോടതി

April 24, 2020
Google News 1 minute Read

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി സുപ്രിംകോടതി. പൽഘർ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി രാജ്യത്തിനകത്ത് ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയെന്നും ആരോപിച്ച എഫ്‌ഐആറുകളിലാണ് സംരക്ഷണം. മൂന്നാഴ്ചത്തേക്ക് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യരുത്. അർണബിനെതിരെയുള്ള എല്ലാ ആരോപണങ്ങളും മുംബൈയിലെ ഒറ്റ എഫ്‌ഐആറിൽ അന്വേഷിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മാധ്യമ സ്വതന്ത്ര്യത്തിൽ ഇടപെടാനില്ലെന്നും മാധ്യമപ്രവർത്തകർക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്താൻ കഴിയില്ലെന്നും വ്യക്തമാക്കി കൊണ്ടാണ് സുപ്രിംകോടതിയുടെ നടപടി. മൂന്നാഴ്ചത്തേക്ക് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യരുത്. ഈ സമയത്തിനുള്ളിൽ അർണബിന് വിചാരണ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാം. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തുടരാൻ വിചാരണ കോടതിയോട് ആവശ്യപ്പെടാം. മഹാരാഷ്ട്രയിൽ ഒഴികെ രാജ്യത്തെ മറ്റിടങ്ങളിൽ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും സ്റ്റേ ചെയ്തു. നാഗ്പൂരിലെ എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റാൻ ഉത്തരവിട്ടു.

അർണബ് അന്വേഷണവുമായി സഹകരിക്കണം. അർണബിനും റിപ്പബ്ലിക് ടിവി ഓഫീസിനും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി മുംബൈ പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. പല സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഒന്നിച്ചാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടിസ് അയക്കാൻ ഉത്തരവിട്ടു. അർണബിനെ പോലുള്ളവർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്നാണ് മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഡ് സർക്കാരുകളുടെ ആരോപണം. സംസ്ഥാനങ്ങൾ അർണബിന് സംരക്ഷണം നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സംരക്ഷണം നൽകിയാൽ മോശം സന്ദേശം നൽകുമെന്നും അവർ വാദിച്ചു. പൽഘർ കൊലപാതകങ്ങളിലെ പൊലീസിന്റെ വീഴ്ചകളും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മൗനവുമാണ് ചൂണ്ടിക്കാണിച്ചതെന്നായിരുന്നു അർണബിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ മറുപടി.

Story highlights-Arnab Goswami,supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here