ജസ്‌നാ തിരോധാനം; കേസിൽ നിർണായക വഴിത്തിരിവ്: ടോമിൻ തച്ചങ്കരി

പത്തനംതിട്ട ജസ്‌നാ തിരോധാന കേസിൽ നിർണായക വഴിത്തിരിവെന്ന് ക്രൈംബ്രാഞ്ച് ഡയറക്ടർ എഡിജിപി ടോമിൻ ജെ തച്ചങ്കരി. മരട് ഫ്‌ളാറ്റ് അഴിമതി കേസിൽ സിപിഐഎം നേതാവ് ദേവസിയെ പ്രതിയാക്കാനും അറസ്റ്റ് ചെയ്യാനുമുള്ള തെളിവുണ്ടെന്ന് ടോമിൻ തച്ചങ്കരി പറഞ്ഞു.

ജസ്‌നാ തിരോധാനത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും തച്ചങ്കരി വ്യക്തമാക്കി. കൂടത്തായി കേസന്വേഷിച്ച ഉദ്യോഗസ്ഥൻ സൈമണാണ് ജസ്‌നയുടെ തിരോധാനം ഇപ്പോള്‍ അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ പറഞ്ഞാൽ തിരോധാനത്തിന് പിന്നിലുള്ളവർ ജാഗരൂകരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരട് ഫ്‌ളാറ്റ് അഴിമതി കേസിൽ ആരോപണം നേരിടുന്ന സിപിഐഎം നേതാവ് ദേവസിയെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാനുള്ള തെളിവുണ്ടെന്നും ബ്യൂട്ടിപാർലർ വെടിവയ്പുമായി ബന്ധപ്പെട്ട് രവി പൂജാരിയെ കേരളത്തിലെത്തിച്ച് മൊഴിയെടുത്താലുടൻ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ കൂട്ട് നിന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പിടിയിലാകുമെന്ന് തച്ചങ്കരി.
ജസ്‌നാ മരിയാ ജെയിംസിന്‍റെ തിരോധാനത്തിന് രണ്ട് വർഷം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. ആദ്യം കേസ് ലോക്കൽ പൊലീസ് ആയിരുന്നു അന്വേഷിച്ചത്. പിന്നീട് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും കേസ് അന്വേഷിച്ചിരുന്നു. ദുരൂഹത ഏറിയ കേസിൽ പൊലീസ് തെരച്ചിൽ തുടരുന്നുണ്ടായിരുന്നു.

Story highlights-tomin thachankiry , jasna missing case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top