കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാട്ടിലൂടെ കടക്കാന്‍ ശ്രമിച്ച മലയാളികൾ പിടിയിൽ

കർണാടകയിൽ നിന്ന് വനത്തിലൂടെ കാൽനടയായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് മലയാളികളെ കർണാടക വനം വകുപ്പ് പിടികൂടി. കർണാടകയിൽ കൃഷിപ്പണി ചെയ്യുന്ന പേരാവൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ വീരാജ്പേട്ടയിലെ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പേരാവൂർ സ്വദേശികളായ രാധാകൃഷ്ണൻ, അനീഷ്, സനിൽ, കാക്കയങ്ങാട് സ്വദേശിയായ പ്രഭാകരൻ എന്നിവരെയാണ് കർണാടക വനം വകുപ്പ് പിടികൂടിയത്. മണിക്കൂറുകളോളം വനത്തിലൂടെ നടന്ന ഇവർ അതിർത്തിയോട് ചേർന്നുള്ള അറബിത്തട്ട് മേഖലയിൽ വച്ചാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ വീരാജ്പേട്ടയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കർണാടക അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലായിരുന്നു നടപടി.
കർണാടകയിൽ നിന്ന് ചില ഏജന്റുമാർ പണം വാങ്ങി വനത്തിലൂടെ ആളുകളെ കേരളത്തിലേക്ക് കടത്തിവിടുന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർണാടക വനംവകുപ്പ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ അറുപതിലേറെ മലയാളികൾ കർണാടകയിൽ നിന്ന് വനത്തിലൂടെ കാൽനടയായി കേരളത്തിലെത്തിയിരുന്നു.കാലാങ്കി, തൊട്ടിപ്പാലം, കച്ചേരിക്കടവ്, ആറളം മേഖലകളിൽ എത്തിയ ഇവരെ കേരളാ പൊലീസും ആരോഗ്യവകുപ്പും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ കണ്ണൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 112 പേരിൽ ഒരാൾ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ചെറുവാഞ്ചേരി സ്വദേശിയായ ഇരുപത്തിനാലുകാരനാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 58 ആയി. 54 പേർ നിലവിൽ ചികിത്സയിലുണ്ട്. 280 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്.
men caught while passing kerala-karnataka boarder through forest