Advertisement

ചെന്നൈയിൽ നിന്നെത്തിയ കുടുംബത്തെ ഒറ്റപ്പെടുത്തിയ സംഭവം; നിയമ നടപടി സ്വീകരിക്കും: എറണാകുളം കളക്ടർ

April 27, 2020
Google News 1 minute Read

ചെന്നൈയിൽ നിന്നുമെത്തിയ കുടുംബത്തെ എറണാകുളം തമ്മനത്തെ ഫ്‌ളാറ്റിൽ റെസിഡന്റ്‌സ് അസോസിയേഷൻ ഒറ്റപ്പെടുത്തുന്നുവെന്ന വാർത്തയിൽ നടപടിയുമായി ജില്ലാ ഭരണകൂടം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടം പൊലീസിന് നിർദേശം നൽകി. റെസിഡന്റ്‌സ് അസോസിയേഷന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് എറണാകുളം കളക്ടർ എസ് സുഹാസ് പറഞ്ഞു. മലയാളികൾക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്. ഇത്തരത്തിൽ പെരുമാറുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

ഒരു മാസം മുമ്പാണ് ഗർഭിണിയടക്കമുള്ള കുടുബം ചെന്നൈയിൽ നിന്നും എത്തിയത്. ഇവരോട് ലിഫ്റ്റ് ഉപയോഗിക്കരുതെന്നും മാലിന്യം പൊതു ബാസ്‌ക്കറ്റിൽ നിക്ഷേപിക്കരുതെന്നുമുള്ള നിർദേശങ്ങളാണ് റെസിഡന്റ്‌സ് അസോസിയേഷൻ നൽകിയത്. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം എറണാകുളം നഗരമധ്യത്തിലെ പെന്റ മേനക ഷോപ്പിംഗ് കോംപ്ലക്‌സിലെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ശുചിത്വവും സാമൂഹിക അകലവും ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പെന്റ മേനകയിലെ സ്ഥാപന ഉടമകളുടെ സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയാണ് ഈ നിയന്ത്രണങ്ങൾ തീരുമാനിച്ചത്.

തൊഴിൽ വകുപ്പിൽ ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ആകെയുള്ള സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് മാത്രമേ ഒരു ദിവസം തുറക്കാൻ അനുവദിക്കൂ. പകുതി ജീവനക്കാർ, മാസ്‌ക്ക് ധരിക്കൽ, സാനിറ്റൈസേഷൻ തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

Story highlights- thammanam incident, ernakulam collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here