കോട്ടയത്ത് സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ റാൻഡം ടെസ്റ്റ്; പുറത്ത് വന്ന 209 ടെസ്റ്റുകളും നെഗറ്റീവ്

കോട്ടയത്ത് സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ നടത്തിയ റാൻഡം ടെസ്റ്റിൻ്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവന്നു. ജില്ലയിൽ 209 പേർക്ക് രോഗമില്ലെന്ന് കണ്ടെത്തി. 272 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭ്യമാകാനുള്ളത്. കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കാൻ കോട്ടയം ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസറായി ചുമതലയേറ്റ അല്‍കേഷ് കുമാര്‍ ശര്‍മ്മ നിർദ്ദേശം നൽകി.

തുടർച്ചയായി പോസിറ്റീവ് കേസുകൾ ഇല്ലാത്ത രണ്ട് ദിവസങ്ങൾ കടന്നു പോയെങ്കിലും, കോട്ടയം ജില്ലയ്ക്ക് ആശ്വസിക്കാറായിട്ടില്ല. സമൂഹ വ്യാപന സാധ്യത കണ്ടെത്താനുള്ള ടെസ്റ്റിൻ്റെ ആദ്യഘട്ട ഫലം മാത്രമാണ് ലഭ്യമായത്‌. പുറത്തു വന്ന 209 റിസൾട്ടുകളും നെഗറ്റീവാണ്. ഇതില്‍ 201 സാമ്പിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്ക പശ്ചാത്തലമോ ഇല്ലാത്തവരുടേതാണ്. വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സ്രവങ്ങളും പരിശോധിച്ചു. ഇന്നലെ ശേഖരിച്ച 86 സാമ്പിളുകൾ ഉൾപ്പെടെ 272 പേരുടെ റിസൾട്ടുകൾ ലഭ്യമാകാനുണ്ട്. കൂടുതല്‍ പേരെ റാൻഡം ടെസ്റ്റിന് വിധേയരാക്കാൻ കോട്ടയം ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസറായി ചുമതലയേറ്റ അല്‍കേഷ് കുമാര്‍ ശര്‍മ്മ നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച 4 പേരുടെ സഞ്ചാരപാത കൂടി ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കോട്ടയത്തെ 17 രോഗികളും ഇടുക്കിയിൽ നിന്ന് എത്തിച്ച ഒരു രോഗിയുമാണ് ജില്ലയിൽ ചികിത്സയിലുള്ളത്. രോഗികളുമായി സമ്പർക്കം പുലർത്തിയ 1256 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഹോട്ട്സ്പോട്ടുകളിലുള്ളവര്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തേക്ക് സഞ്ചരിക്കുന്നത് ജില്ലാ കളക്ടര്‍ വിലക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പികെ സുധീർ ബാബു അറിയിച്ചു.

Story Highlights: 209 random tests are negative in kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top