Advertisement

ലോകം ഏറ്റുപാടുന്ന ‘ബെല്ല ചാവ്’ ഗാനത്തിന് ഇറ്റാലിയൻ തൊഴിലാളി സ്ത്രീകളുടെ കണ്ണീരുപ്പുണ്ട്; ആ കഥ ഇങ്ങനെ

May 1, 2020
Google News 3 minutes Read

ഭാഷ ഭേദമന്യേ ലോകം മുഴുവൻ ഏറ്റെടുത്ത ഗാനമാണ് ‘ബെല്ല ചാവ്’. ഇതിനൊരു കാരണം അടുത്തിടെ ഏറെ ജനപ്രീതി നേടിയ മണി ഹെയ്സ്റ്റ് എന്ന ടെലിവിഷൻ സീരീസാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ഈ വർഷത്തെ ഏറ്റവും അധികം ആളുകൾ കണ്ട വെബ് സീരീസുകളിലൊന്നാണ് മണി ഹെയ്സ്റ്റ്. മൂന്ന് സീസണുകളിലും സീരീസിലെ വൈകാരിക രംഗങ്ങൾക്ക് മാറ്റ് കൂട്ടുന്നത് ഈ ഗാനമാണ്.

എന്നാൽ ഗാനം ആദ്യമായി വരുന്നത് മണി ഹെയ്സ്റ്റിലല്ല. പാട്ടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ പാടത്ത് പണിയെടുത്തിരുന്ന തൊഴിലാളി സ്ത്രീകളാണ് ആദ്യമായി ഈ പാട്ട് പാടുന്നത്. ‘Alla mattina appena alzata’ എന്നാതായിരുന്നു ഗാനത്തിന്റെ ആദ്യ രൂപം. അമിത ജോലിയിലും വളരെ കുറഞ്ഞ കൂലിയിലും പണിയെടുത്തിരുന്ന ഇറ്റാലിയൻ തൊഴിലാളി സ്ത്രീകളുടെ കണ്ണീരുപ്പുണ്ട് ഈ ഗാനത്തിന്.

പഴയ ബെല്ല ചാവ് ഗാനത്തിന്റെ അർത്ഥം ഇങ്ങനെ (ചുരുക്ക രൂപം) :
‘രാവിലെ എഴുനേൽക്കണം. പാടത്ത് പോകണം. കൊതുകിനും പ്രാണികൾക്കുമുടയിൽ നിന്ന് പണിയെടുക്കണം. വടിയുമായി മുതലാളി നിൽക്കുന്നുണ്ട്. എന്തൊരു ദുരിതമാണിത് ദൈവമേ..ഇവിടെ ചെലവഴിക്കുന്ന ഓരോ മണിക്കൂറും ഞങ്ങളുടെ യുവത്വം നഷ്ടപ്പെടുന്നു…എന്നാൽ ഒരു ദിനം വരും…ഞങ്ങളെല്ലാം സ്വതന്ത്രരായി പണിയെടുക്കുന്ന ഒരു ദിനം വരും.’

ഇറ്റലിയിലെ ഏറ്റവും താഴെത്തട്ടിൽപ്പെട്ട സ്ത്രീകളാണ് പാടത്ത് പണിക്കായി പോയിരുന്നത്. മോണ്ടിനാസ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. ചെരുപ്പിടാത്ത കാലുകളിൽ മുട്ടറ്റം വെള്ളത്തിൽ മണിക്കൂറുകൾ കുനിഞ്ഞ് നിന്ന് ഏറെ കഷ്ടതകൾ അനുഭവിച്ചാണ് അവർ പണിയെടുത്തിരുന്നത്. ഇതിന് ലഭിക്കുന്ന കൂലിയാകട്ടെ വളരെ തുച്ഛവും. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ആ കാലഘട്ടത്തിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട്.

പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരായ വിപ്ലവ ഗാനമായി ബെല്ല ചാവ് മാറി. ‘Una mattina mi son svegliato’ എന്നതാണ് പുതിയ രൂപം. ആ ഗാനത്തിന്റെ അർത്ഥം (ചുരുക്ക രൂപം) :

ഒരു രാവിലെ ഞാൻ എഴുനേറ്റു…അക്രമകാരിയെ കണ്ടു…പ്രവർത്തകരെ (പാർട്ടി പ്രവർത്തകർ) എന്നെ കൊണ്ടുപോകു…ഞാൻ മരിക്കുന്നത് പോലെ തോന്നുന്നു…ഞാൻ ഒരു പാർട്ടി പ്രവർത്തകനായാണ് മരിക്കുന്നതെങ്കിൽ നിങ്ങൾ എന്നെ കുഴിച്ചുമൂടണം…മലമുകളിൽ ഒരു സുന്ദര പുഷ്പത്തിന്റെ തണലിൽ..അതുവഴി പോകുന്ന എല്ലാവരും പറയണം, ‘എത്ര ഭംഗിയുള്ള പുഷ്പം’…ഈ പൂവ് പാർട്ടി പ്രവർത്തകന്റെ പൂവാണ്…നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിച്ച പ്രവർത്തകന്റെ പൂവ്…’ വടക്കൻ ഇറ്റലിയിലെ വലത് പക്ഷം ഭരിക്കുന്ന ചില പ്രദേശങ്ങളിൽ ഗാനത്തിന് വിലക്കുണ്ട്.

 

19-ാം നൂറ്റാണ്ടിൽ സ്ത്രീകൾ തുടക്കമിട്ട ‘ബെല്ല ചാവ്’ അലയൊലികൾ നശിച്ചിട്ടില്ല…ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു…

Story Highlights- bella ciao, may day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here