റിഷി കപൂറിന്റെ അവസാന രംഗങ്ങൾ; പ്രചരിക്കുന്ന വീഡിയോ വ്യാജം

ഇന്നലെയാണ് അനശ്വര ബോളിവുഡ് നടൻ റിഷി കപൂർ മരണപ്പെട്ടത്. മരണം സ്ഥിരീകരിച്ചതിനു പിന്നാലെ റിഷി കപൂർ മരണപ്പെടുന്നതിന് തലേ ദിവസം രാത്രിയിൽ ചിത്രീകരിച്ചതെന്ന പേരിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ആദ്യം ട്വിറ്ററിലും പിന്നീട് ഫേസ്ബുക്കിലും പങ്കുവെക്കപ്പെട്ട വീഡിയോ ഒട്ടേറെ ആളുകളാണ് പങ്കുവച്ചത്. എന്നാൽ ഈ വീഡിയോ വ്യാജമാണ്. മൂന്ന് മാസം മുൻപ് ചിത്രീകരിച്ച വീഡിയോ ആണ് കഴിഞ്ഞ ദിവസം നടന്നത് എന്ന പേരിൽ പ്രചരിക്കുന്നത്.

ആശുപത്രി കിടക്കയിലുള്ള റിഷി കപൂറാണ് വീഡിയോയിൽ ഉള്ളത്. അദ്ദേഹത്തിൻ്റെ അടുത്തു നിന്ന് ഒരാൾ ‘ദീവാന’ എന്ന റിഷി കപൂർ ഹിറ്റ് സിനിമയിലെ ‘തേരെ ദർദ് സേ ദിൽ ആബാദ് രഹാ’ എന്ന പാട്ട് പാടുന്നു. പാട്ട് കേട്ടതിനു ശേഷം റിഷി കപൂർ പാട്ട് പാടുന്നയാളെ ആശിർവാദിക്കുന്നതും കാണാം. ഇതാണ് കഴിഞ്ഞ ദിവസം ചിത്രീകരിച്ചത് എന്ന പേരിൽ പ്രചരിക്കുന്നത്.

നഗ്മ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലാണ് ഈ വീഡിയോ ആദ്യം പങ്കുവെക്കുന്നത്. “മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ നിന്നുള്ള കഴിഞ്ഞ രാത്രിയിലെ വീഡിയോ. നിങ്ങൾ ഒരു ഇതിഹാസമാണ് റിഷിജി. നിങ്ങൾ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാവും’- വീഡിയോക്കൊപ്പമുള്ള വിവരണം ഇപ്രകാരമായിരുന്നു. ഈ വീഡിയോ പിന്നീട് ടൈംസ് ഓഫ് ഇന്ത്യ, ആജ് തക് തുടങ്ങിയ വാർത്താ മാധ്യമങ്ങളും പങ്കുവച്ചു.

ഈ വീഡിയോ ധീരജ് കുമാർ സാനു എന്ന യൂട്യൂബർ ഫെബ്രുവരി മൂന്നിന് തൻ്റെ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. സാകേതിലെ മാക്സ് ആശുപത്രിയിൽ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തപ്പോൾ എടുത്ത വീഡിയോ ആണിതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിലെ വാർഡ് ബോയ് ആയ ധീരജ് ഫെബ്രുവരി ഒന്നിനോ രണ്ടിനോ ആണ് വീഡിയോ ചിത്രീകരിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ റിഷി തങ്ങളുടെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്ന് മാക്സ് ആശുപത്രിയും പറയുന്നു.

Story Highlights: viral video of Rishi Kapoor was not shot the night before he passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top