അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കാൻ തലപ്പാടിയിൽ നാളെ മുതൽ ഹെൽപ് ഡെസ്‌ക്കുകൾ

കേരളത്തിലേക്ക് പുറത്തുനിന്ന് വരുന്നവരെ പരിശോധിക്കാൻ സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ നാളെ മുതൽ ഹെൽപ് ഡെസ്‌ക്കുകൾ ഉണ്ടാകുമെന്ന് കാസർഗോഡ് കളക്ടർ ഡി സജിത് ബാബു. തലപ്പാടിയിൽ എത്തുന്നവരുടെ വിവരങ്ങൾ, ആരോഗ്യ നില എന്നിവ പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങൾ തയാറാകുന്നുണ്ട്. നാളെ മുതൽ രാവിലെ എട്ട് മണിക്ക് തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെൽപ് ഡെസ്‌ക്കുകൾ പ്രവർത്തന ക്ഷമമാകുമെന്നും കളക്ടർ അറിയിച്ചു. ദേശീയ പാതകളായ 66, 47, 48 എന്നിവയിലൂടെ ആളുകൾ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയുണ്ട്.
ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കൽ ഓഫീസറുടെ പരിശോധനക്കായി പരിശോധനാ കേന്ദ്രത്തിലേക്കയക്കും. പരിശോധനയ്ക്ക് ശേഷം ജില്ലയിലുളളവരാണെങ്കിൽ അവരെ ആംബുലൻസിൽ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കുന്നതാണ്. മറ്റ് ജില്ലയിലുളളവരാണെങ്കിൽ നാട്ടിൽ എത്തിക്കുന്നതിന് അവരുടെ ചെലവിൽ ആംബുലൻസ് ഏർപ്പെടുത്തി കൊടുക്കണമെന്നും ജില്ലാ കളക്ടർ.
കർണാടക അതിർത്തിയിൽ നിന്ന് ജില്ലാ അതിർത്തിയിലെത്തുന്ന ഓരോ വാഹനത്തിനും ആർ ടി ഒ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ടോക്കൺ നൽകുന്നതാണ്. ഒന്ന് മുതൽ 100 വരെയുള്ള ടോക്കണാണ് നൽകുക. ടോക്കണിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഹെൽപ് ഡെസ്‌ക്കുകളിലേക്ക് ഡ്രൈവറെ രേഖകൾ പരിശോധിക്കുന്നതിനായി കടത്തി വിടുകയുള്ളു. വാഹനത്തിൽ നിന്ന് ഡ്രൈവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി ഉണ്ടാകുക. നാല് സീറ്റ് വാഹനത്തിൽ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തിൽ അഞ്ച് പേരും മാത്രമേ യാത്ര ചെയ്യാൻ പാടുള്ളുവെന്നും കളക്ടർ. സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഒരു ജെഎച്ച്‌ഐ, ആർടിഒ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങൾ, കൊവിഡ് പ്രോട്ടോക്കോൾ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ്.
ഹെൽപ് ഡെസ്‌ക്കുകൾ ഓരോ അര മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കാനാണ് ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിൽ എത്തിക്കുന്നതിനായി ജില്ലയിൽ ലഭ്യമായ സർക്കാർ, സ്വകാര്യ മേഖലയിലുളള ആംബുലൻസുകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് തയാറാക്കി അടിയന്തര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലൻസുകൾ ഒഴിച്ച് ഹെൽപ് ഡെസ്‌ക്കുകളിൽ സജ്ജമാക്കുമെന്നും കളക്ടർ.
Story highlights-talappadi, help desk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here