ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല

HOTSPOT

ഇതര സംസ്ഥാനങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല. ഇവരെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ താമസിപ്പിക്കും. ഇതര സംസ്ഥാനങ്ങളിലെ കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം കൊറോണ കെയര്‍ സെന്ററുകളിലാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. ഇതിനായി എല്ലാ തദ്ദേശസ്ഥാപന തലങ്ങളിലും ക്വാറന്റീന്‍ സൗകര്യം ഒരുക്കുന്നുണ്ട്. രോഗ ലക്ഷണമുള്ളവരെ ആശുപത്രികളിലേക്ക് വിടും. വീടുകളിലും ക്വാറന്റീനില്‍ കഴിയുന്നവരും കര്‍ശന നിരീക്ഷണത്തിലായിരിക്കും.

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികള്‍ കേരളത്തിലെത്തുമ്പോള്‍ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റീനില്‍ കഴിയണം. നേരത്തെയുള്ള ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കൊവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം.

സര്‍ക്കാര്‍ ക്വാറന്റീനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ ഭരണകൂടമാണ് ഇവര്‍ക്കുള്ള താമസം ഒരുക്കുന്നത്. ഇവര്‍ക്ക് ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഗതാഗതസൗകര്യം വിമാനത്താവള ജില്ലകളിലെ കളക്ടര്‍മാര്‍ ഒരുക്കും. ഇവരില്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി.

ഹോം ക്വാറന്റീന്‍ ഫലപ്രദമാക്കാനും നിരീക്ഷണത്തില്‍ നിന്ന് ആരും വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനും ദ്വിതല സംവിധാനവും പ്രാദേശിക തലത്തില്‍ ഉണ്ടാകും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ജനകീയ നിരീക്ഷണ സമിതിക്കാണ് ഇതിന്റെ നേതൃത്വം. ഓരോ വീടിനും പ്രത്യേക ചുമതലയും ഉണ്ടാകും. ഇതിനു പുറമെ പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക നിരീക്ഷണവും ഉണ്ടാകും.

Story Highlights: Lockdown, coronavirus, hotspot,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top