പ്രവാസി മലയാളികള്‍ മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് ട്വന്റിഫോറിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം [24 Fact Check]

പ്രവാസി മലയാളികള്‍ മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് ട്വന്റിഫോര്‍ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്താ റിപ്പോര്‍ട്ടിംഗിന്റെ സ്‌ക്രീന്‍ ഷോട്ടുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി തെറ്റായി പ്രചരിപ്പിക്കുന്നു. ട്വന്റിഫോറിന്റെ വാര്‍ത്താ റിപ്പോര്‍ട്ടിംഗിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ ബ്രേക്കിംഗ് ന്യൂസുകള്‍ കാണിക്കുന്ന ടിക്കര്‍ ഭാഗം വ്യാജമായി നിര്‍മിച്ച് ചേര്‍ത്താണ് വിനു നാരായണന്‍  (Vinu Narayanan) എന്നയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയത്. ഇത് വിശ്വസിച്ച് നിരവധിയാളുകള്‍ ഈ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു. അതില്‍ ‘ആദ്യദിനം എത്തിയ പ്രവാസികളില്‍ മൂന്ന് വര്‍ഷം വരെ ഗര്‍ഭമുള്ള നാല് പേര്’ എന്ന് കാണുന്നത് ട്വന്റിഫോര്‍ സംപ്രേഷണം ചെയ്തതല്ല. ഇത് ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായി ചമച്ചതാണ്.

വ്യാജമായി പ്രചരിപ്പിക്കുന്ന ചിത്രത്തിലെ പിഴവുകള്‍

സ്‌ക്രീന്‍ ഷോട്ട് 2020 മെയ് 7 ന് വൈകുന്നേരം 6.16 ന് എടുത്തിട്ടുള്ളതാണ്. ഈ സമയം നെടുമ്പാശേരിയില്‍ പരിശോധനകള്‍ പൂര്‍ത്തിയായി എന്ന വിവരങ്ങളാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ സ്‌ക്രീന്‍ ഫ്രെയിമിന്റെ താഴെ മൂന്ന് ലെയറുകളായാണ് ട്വന്റിഫോര്‍ ടിക്കര്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ട്വന്റിഫോര്‍ ഇതേസമയം സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ ഇതാണ്. ഒന്നാമത്തെ ലെയര്‍ ആസ്റ്റണ്‍ ആണ്. ‘വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തിയായി’ എന്നത് മഞ്ഞയില്‍ കറുത്ത അക്ഷരങ്ങളിലാണ് അതില്‍ കാണുന്നത്. രണ്ടാമത്തെ ലെയര്‍ ടിക്കര്‍ ഹെഡാണ്. അതില്‍ ‘അതിര്‍ത്തി കടന്നെത്തിയവര്‍’ എന്ന് ചുവന്ന ബാക്ക്ഗ്രൗണ്ടില്‍ വെളുത്ത അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

Read More: ട്വന്റിഫോറിനെതിരെ വ്യാജ പ്രചാരണം; തിരുവല്ല സ്വദേശിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

മൂന്നാമത്തെ ലെയര്‍ ടിക്കര്‍ ബ്രേക്കിംഗ് ന്യൂസാണ്. അതില്‍ ‘കളിയിക്കാവിള അതിര്‍ത്തി കടന്ന് ഇന്നെത്തിയത് 255 പേര്‍’ എന്ന് കാണുന്നത് മഞ്ഞ ബാക്ക്ഗ്രൗണ്ടില്‍ കറുത്ത അക്ഷരങ്ങളിലാണ്. മുകളില്‍ സ്ഥലം ‘നെടുമ്പാശേരി/കൊച്ചി’ എന്നും, സമയം ‘6.16 PM’ എന്നും കാണാം.

അതേസമയം, സമൂഹ മാധ്യമങ്ങളില്‍ വിനു നാരായണന്‍ തെറ്റായി പ്രചരിപ്പിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ ട്വന്റിഫോറിന്റെ യഥാര്‍ത്ഥ ടിക്കറിലെ രണ്ടും മൂന്നും ലെയറുകള്‍ മറച്ചുകൊണ്ട് ഒരു ചുവന്ന ബോക്‌സ്‌കാര്‍ഡ് വെച്ച് അതില്‍ വെള്ള അക്ഷരങ്ങളില്‍ ‘ആദ്യ ദിനം എത്തിയ പ്രവാസികളില്‍ മൂന്ന് വര്‍ഷം വരെ ഗര്‍ഭമുള്ള നാല് പേര്’ എന്ന് ചേര്‍ത്തിരിക്കുന്നു. ഇത് വ്യാജനിര്‍മിതിയാണ്.

ട്വന്റിഫോര്‍ ഫോണ്ടിന്റെ പ്രത്യേകത

ട്വന്റിഫോര്‍ ചാനലിന്റെ ടിക്കറില്‍ ഉപയോഗിക്കാനായി അനുകരിക്കാന്‍ പ്രയാസമുള്ള ഒരു ഫോണ്ട് (അക്ഷരങ്ങളുടെ രീതി) സ്വന്തമായുണ്ട്. ഇത് ട്വന്റിഫോറിന് മാത്രമായി വികസിപ്പിച്ചിട്ടുള്ളതാണ്. വ്യാജമായി ചമച്ചിട്ടുള്ള കാര്‍ഡില്‍ മറ്റൊരു ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

വിമാനങ്ങള്‍ എത്തിയിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം

2020 മെയ് 7ന് വൈകുന്നേരം 6.16ന് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ എത്തിയിരുന്നില്ല. വിമാനത്തിലെ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വിമാനത്താവളത്തിലേയും മറ്റ് വാഹനങ്ങളുടേയും സുരക്ഷാ പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ടായിരുന്നു ആ സമയം നല്‍കിയിരുന്നത്.

മലയാളം ഫിലിം സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന വിനു നാരായണന്‍ കേരള പ്രസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തനം പഠിച്ച വ്യക്തി കൂടിയാണെന്ന് പ്രൊഫൈലില്‍ നിന്ന് മനസ്സിലാക്കാം. അതായത് മാധ്യമ രംഗത്തെ ഈ വ്യക്തിയുടെ സ്ഥാപിത താത്പര്യം വ്യക്തമാണ്. ട്വന്റിഫോറിനെ അപകര്‍ത്തിപ്പെടുത്താനുള്ള ഗൂഢലക്ഷ്യം മുന്‍നിര്‍ത്തി കരുതിക്കൂട്ടി, ഇതിന്റെ നിയമപരമായ തടസങ്ങളെ കുറിച്ച് പൂര്‍ണമായും മനസിലാക്കിയാണ് വിനു നാരായണന്‍ ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത്.

ട്വന്റിഫോറിന്റെ സല്‍പേരിനേയും വാര്‍ത്താ സംപ്രേഷണ രംഗത്തെ ട്വന്റിഫോറിന്റെ വളര്‍ച്ചയെയും തടയണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ മറ്റുപലരും ഷെയര്‍ ചെയ്യുന്നുമുണ്ട്.

പ്രവാസികളെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന വ്യാജനിര്‍മിതി

കൊവിഡ് ഭീഷണിയില്‍ മനുഷ്യരാശി മുഴുവന്‍ ഭയന്ന് കഴിയുമ്പോള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അത്യന്തം കുറ്റകരമാണ് എന്നിരിക്കെ ഇത് ചമച്ചയാളും പ്രചരിപ്പിച്ചവരും ഈ ഘട്ടത്തില്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നു. ഇത്തരം തെറ്റായ നിര്‍മിതിയില്‍ പ്രയോഗിച്ചിരിക്കുന്ന വികലമായതും ആക്ഷേപം കലര്‍ന്നതുമായ ഭാഷ നാടിന്റെ അഭയം തേടി വരുന്ന അശരണരായ പ്രവാസികളോടും പ്രത്യേകിച്ച് അവരിലെ സ്ത്രീകളോടും കാണിക്കുന്ന അപമര്യാദയാണ്.

Story Highlights: 24 news, 24 Fact Check,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top