തെർമൽ ഇമേജിംഗ് ക്യാമറകൾ, കുറവ് യാത്രക്കാർ; മാറ്റങ്ങളുമായി ഗതാഗത വകുപ്പ്

കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ പൊതുഗതാഗത സംവിധാനത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി ഗതാഗത വകുപ്പ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള യാത്രാരീതി നടപ്പാക്കാനാണ് തയ്യാറെടുക്കുന്നത്. അതേസമയം കേന്ദ്ര അനുമതി ലഭിച്ച ശേഷമേ പൊതുഗതാഗതം ആരംഭിക്കൂ.
ലോക്ക് ഡൗണിന് ശേഷം പൊതുഗതാഗത സംവിധാനം ആരംഭിക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളാണ് ഗതാഗത വകുപ്പ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ബസ് സ്റ്റേഷനുകളിലും തെർമൽ ഇമേജിംഗ് ക്യാമറകൾ സ്ഥാപിക്കും. യാത്രക്കാരെ ഇതിൽ പരിശോധിച്ച ശേഷമേ വാഹനങ്ങളിൽ കയറാൻ അനുവദിക്കൂ. യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും നിയന്ത്രണം പരിഗണനയിലുണ്ട്. സീറ്റിംഗ് കപ്പാസിറ്റി കണക്കാക്കി പരമാവധി
15-20 യാത്രക്കാർ ഒരേ സമയം യാത്ര ചെയ്യുന്ന തരത്തിൽ നിയന്ത്രണമുണ്ടായേക്കും.
read also:ജലഗതാഗത വകുപ്പിന്റെ’ക്ലീൻ ദി ബോട്ട്’ ചലഞ്ച് ഏറ്റെടുത്ത് സർവീസ് ബോട്ട് ജീവനക്കാർ
ടിക്കറ്റ് വിതരണത്തിലും പഴയ രീതി പരിഷ്‌കരിക്കാൻ ആലോചനയുണ്ട്. ടിക്കറ്റിന് പണം നേരിട്ട് നൽകുന്നതിന് പകരം സൈ്വപ്പിംഗ് സംവിധാനമോ, പണം പ്രത്യേകം സ്ഥാപിച്ച ബോക്‌സുകളിൽ നിക്ഷേപിക്കുന്ന രീതിയോ പരിഗണിക്കും. കൊവിഡ് പകരാതിരിക്കുക എന്ന മുൻകരുതലാണ് ഇതിന് പിന്നിൽ. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരെ ട്രാക്ക് ചെയ്യാൻ ക്യൂആർ കോഡ് സംവിധാനവും പരിഗണനയിലുണ്ട്. യാത്രക്കാരിൽ ആരെങ്കിലും കൊവിഡ് പോസിറ്റീവായാലുള്ള സാഹചര്യം നേരിടാനാണിത്.
Story highlights-transport department,covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here