പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖവും സജ്ജം; പ്രവർത്തനം മൂന്ന് ക്ലസ്റ്ററുകളായി

cochin port set to receive expats

കൊച്ചി തുറമുഖത്ത് വിദേശത്ത് നിന്നുള്ളവരുമായി കപ്പലടുക്കുമ്പോൾ അവരെ വരവേൽക്കാൻ തയാറെടുക്കുകയാണ് ആരോഗ്യ വകുപ്പ്. സ്വീകരണം കുറ്റമറ്റതാക്കാൻ വിവിധ വകുപ്പുകൾ സംയുക്തമായി മോക്ക് ഡ്രില്ലുകൾ നടത്തിക്കഴിഞ്ഞു. യാത്രയുടെ ഓരോ ഘട്ടത്തിലും നിരീക്ഷണ സംവിധാനം ഇടപെടുന്നത് പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും കൊവിഡ് ഇതര രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക സംവിധാനങ്ങൾ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്. മൂന്നു ക്ലസ്റ്ററുകളായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര ആരംഭിക്കുന്നതെങ്കിലും യാത്രക്കിടയിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകളെ തുറമുഖത്തെത്തുമ്പോൾ തന്നെ ഐസോലേഷൻ ഏരിയയിലേക്ക് മാറ്റും. സുരക്ഷ വസ്ത്രങ്ങൾ ധരിച്ച പൊലീസുകാരുടെ സഹായത്തോടു കൂടി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശേരി മെഡിക്കൽ കോളജിലേക്കുമായിരിക്കും ഇവരെ പരിശോധനയ്ക്കും തുടർന്നുള്ള നിരീക്ഷണത്തിനുമായി എത്തിക്കുന്നത്.

കൊവിഡ് ഇതര രോഗങ്ങൾ ഉള്ള യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങൾ പരിശോധിക്കാനുള്ള ചുമതല പോർട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. ഇവരെ നിരീക്ഷിക്കാനും വിദഗ്ദ ചികിത്സ ആവശ്യമുണ്ടെങ്കിൽ അതുറപ്പാക്കാനും ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ഉറപ്പാക്കും. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയാണെങ്കിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദഗ്ദ ചികിത്സ ആവശ്യമുള്ളവർക്ക് അതിനായി മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

യാതൊരു തരത്തിലുമുള്ള രോഗലക്ഷണമില്ലാത്തവർക്ക് സാധാരണ തരത്തിലുള്ള പരിശോധന പൂർത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദേശത്ത് നിന്നെത്തുന്ന ആളുകളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ കൂടി ഉറപ്പിച്ചാണ് പ്രവർത്തനങ്ങൾ. യാത്രക്കാരുമായി ഇടപഴകുന്ന എല്ലാവർക്കും പിപിഇ കിറ്റുകൾ ഉൾപ്പടെ ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ കഴിവതും വേഗത്തിൽ പൂർത്തിയാക്കി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

Story Highlights- cochin port set to receive expats

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top