പ്ലാസ്മ ചികിത്സയ്ക്ക് കേരളത്തിന് അനുമതിയില്ല; ശ്രീചിത്രയും തിരുവനന്തപുരം മെഡിക്കൽ കോളജും തമിഴ്‌നാട് പട്ടികയിൽ

plasma therapy

കൊവിഡിനെതിരേയുള്ള പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണത്തിന് കേരളത്തിൽ നിന്നുള്ള ഒരു സ്ഥാപനങ്ങൾക്കും ആദ്യഘട്ടത്തിൽ ഐസിഎംആറിന്റെ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്)അനുമതിയില്ല. അതേസമയം, ശ്രീ ചിത്രഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും രണ്ട് സ്ഥാപനങ്ങളും തമിഴ്നാടിന്റെ പട്ടികയിലാണുള്ളത്.

ശ്രീചിത്ര, തിരുവനന്തപുരം മെഡിക്കൽ കോളജ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസ്, കോഴിക്കോട് മെഡിക്കൽ കോളജ്, തലശ്ശേരി മലബാർ കാൻസർ സെന്റർ, കോഴിക്കോട് ബേബി മൈമ്മോറിയൽ എന്നീ ആറു സ്ഥാപനങ്ങളായിരുന്നു ക്ലിനിക്കൽ ട്രയിലിന് അനുമതി തേടിയിരുന്നത്.

ആവശ്യമായ രേഖകൾ നൽകുന്ന മുറയ്ക്ക് ഇപ്പോൾ പട്ടികയിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങൾക്കും പ്ലാസിഡ് ട്രയൽ(പ്ലാസ്മ) നടത്താനുള്ള അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്നാണ് ഐസിഎംആർ അറിയിച്ചിട്ടുള്ളത്. നിലവിൽ രാജ്യത്തെ 21 സ്ഥാപനങ്ങൾക്കാണ് പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. ഗുജറാത്തിൽ-2, രാജസ്ഥാൻ-2, മഹാരാഷ്ട്ര-5, പഞ്ചാബ്-1, തമിഴ്നാട്-2, മധ്യപ്രദേശ്-2, ഉത്തർപ്രദേശ്-2, കർണാടക-1, തെലങ്കാന-1 ചണ്ഡിഗഡ്-1 എന്നിങ്ങനെയാണ് സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക്. തമിഴ്നാട്ടിൽ നിന്നും 12 സ്ഥാപനങ്ങൾ അനുമതിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അനുമതി കിട്ടിയത് കേരളത്തിലുള്ള രണ്ട് സ്ഥാപനങ്ങളുടെ പേരിലാണ്.

പ്ലാസ്മ തെറാപ്പി?

കൊവിഡ് മുക്തരായ ആളുകളുടെ രക്തത്തിൽ നിന്ന് വേർതിരിച്ച പ്ലാസ്മ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകുന്ന ചികിത്സാ രീതിയാണിത്. പ്ലാസ്മഫെറസിസ് മെഷീനിലൂടെ ദാതാവിന്റെ രക്തം കടത്തിവിടുമ്പോൾ രക്തകോശങ്ങൾ വേർതിരിഞ്ഞ് ദാതാവിനു തന്നെ ലഭിക്കും. ഇത്തരത്തിൽ കോശങ്ങളില്ലാത്ത രക്തഭാഗമായ പ്ലാസ്മ ശീതീകരിച്ച് സൂക്ഷിക്കുന്നു.

read also:മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ കൊവിഡ് രോഗി മരിച്ചു

രോഗമുക്തനായ ഒരാൾക്ക് രോഗം വീണ്ടും വരാതിരിക്കാൻ ഈ ആന്റിബോഡികൾ പ്രതിരോധം തീർക്കും. മാത്രമല്ല, ഇവരുടെ പ്ലാസ്മ ശേഖരിച്ച് മറ്റൊരു രോഗിക്ക് നൽകുമ്പോൾ അതിലുളള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും രോഗി കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനാവുകയും ചെയ്യും.

Story highlights-Kerala not permitted to plasma treatment, Sree Chithra and Thiruvananthapuram Medical College are listed in Tamil Nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top