മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനും തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനുമുള്ള നടപടികളുമായി വ്യവസായ വകുപ്പ്

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനും അവരുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനും വ്യവസായ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. വ്യാപാര-വ്യവസായ രംഗത്തെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ കേരളാസ് ഇനിഷ്യേറ്റീവ് ടു ട്രാന്‍സ്‌ഫോം ആൻഡ് എമേര്‍ജ് (കൈറ്റ്) ആഭിമുഖ്യത്തില്‍ നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തി. പ്രവാസികള്‍ക്ക് സഹായമാകുന്ന രീതിയില്‍ നിക്ഷേപ പ്രോത്സാഹന പദ്ധതികള്‍ വ്യവസായ വകുപ്പ് തയാറാക്കി വരികയാണ്. പ്രവാസികള്‍ക്ക് നിക്ഷേപത്തിന് ഭൂമിയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ ആവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ സംവിധാനം ഒരുക്കും. കേരളത്തില്‍ നിലവിലുള്ളതും പുതിയതുമായ വ്യവസായങ്ങള്‍ക്ക് പ്രവാസികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. കാര്‍ഷികമേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കി വരികയാണ്. പ്രവാസികള്‍ക്ക് കാര്‍ഷികമേഖലയിലും ഇടപെടാം. ഉത്പാദന വര്‍ധന, കൂടുതല്‍ തൊഴില്‍, ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുകയും അതിലൂടെ പ്രതിസന്ധി മറികടക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് സയന്‍സ്, ബയോ ടെക്‌നോളജി, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് മേഖലകളില്‍ വലിയ സാധ്യതകള്‍ കേരളത്തിനു മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്.

മെഡിക്കല്‍ ഉപകരണങ്ങള്‍ പൊതുമേഖലയില്‍ വലിയതോതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപകരണ നിര്‍മാണ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപത്തിന് സ്വകാര്യമേഖലയ്ക്കും പരമാവധി പ്രോത്സാഹനം നല്‍കും. കാര്‍ഷികവിളകളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കുള്ള വ്യവസായങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കും. എം എസ് എം ഇ മേഖലയെ സംരക്ഷിക്കാന്‍ ഭദ്രത എന്ന പേരില്‍ പാക്കേജ് തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Story Highlights: Lockdown, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top