Advertisement

ലോക്ക് ഡൗണിൽ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം; വിഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി

May 11, 2020
Google News 3 minutes Read

സംസ്ഥാനങ്ങൾ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം. റെഡ്‌സോൺ ഒഴികെയുള്ള പട്ടണങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി മെട്രോ റെയിൽ സർവീസ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങൾ

യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സർക്കാർ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങൾ അനുവദിക്കാവുന്നതാണ്. ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയശേഷം വ്യവസായ വാണിജ്യ സംരംഭങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയണം. വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ പ്രവാസികളെ കൊണ്ടുവരുമ്പോൾ വിമാനത്തിൽ അവരെ കയറ്റുന്നതിന് മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തണം.

ലോക്ക് ഡൗൺ ഇളവുകൾ വരുമ്പോൾ കൂടുതൽ യാത്രക്കാർ ഉണ്ടാകും. അതിനാൽ യാത്രക്കാരെ കൊണ്ടുപോകുന്നതിന് വ്യക്തമായ മാർഗനിർദേശം ഉണ്ടാകണം. അന്തർ-സംസ്ഥാന യാത്രകൾ നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കണം. ഇളവുകൾ നൽകുന്നത് ക്രമേണയായിരിക്കണം. പുറപ്പെടുന്ന സ്ഥലത്തെയും എത്തിച്ചേരുന്ന സ്ഥലത്തെയും മാർഗനിർദേശങ്ങൾക്ക് (പ്രോട്ടോകോൾ) വിധേയമായി ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാവുന്നതാണ്. എന്നാൽ, കണ്ടെയ്ൻമെന്റ് സോണിലേക്കും അവിടെനിന്നുമുള്ള യാത്രക്ക് ന്യായമായ നിയന്ത്രണങ്ങൾ ഉണ്ടാകണം. കൊവിഡ് 19 ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കരുത്. വിമാനത്താവളങ്ങളിൽ വൈദ്യപരിശോധന ഉണ്ടാകണം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കിടയിൽ റോഡ് വഴിയുള്ള യാത്രക്ക് എത്തിച്ചേരേണ്ട ജില്ലയിലെ പെർമിറ്റ് ആദ്യം ലഭിച്ചിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ എവിടെയാണോ ആൾ ഉള്ളത് ആ ജില്ലയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പെർമിറ്റ് നൽകണം. ആ രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. വഴിമധ്യേ തങ്ങുന്നില്ലെങ്കിൽ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പാസ് വേണമെന്ന നിബന്ധന പാടില്ല. ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് കേരളം രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പ്രകാരം പാസ് അനുവദിക്കുന്നു. ഇങ്ങനെയൊരു ക്രമീകരണം ഇല്ലെങ്കിൽ എത്തിച്ചേരുന്ന സംസ്ഥാനത്തെ ‘എൻട്രി പോയിൻറിൽ’ തിരക്കുണ്ടാകും. അങ്ങനെ വന്നാൽ ശാരീരിക അകലം പാലിക്കുന്നത് പ്രയാസമാകും. എൻട്രി പോയിന്റിലൂടെ യാത്രക്കാർ പോകുന്നത് ക്രമപ്രകാരമായിരിക്കണം.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചതുപോലെ, ഇതര സംസ്ഥാനങ്ങളിൽ കുടങ്ങിപ്പോയവർക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണം. വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന് സംസ്ഥാനം നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ നടത്തിയ രജിസ്‌ട്രേഷൻ പ്രകാരം ഈ ട്രെയിനുകളിൽ ടിക്കറ്റ് അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ, സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷൻ പരിഗണിക്കാതെ റെയിൽവെ ഓൺലൈൻ ബുക്കിംഗ് അനുവദിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുംബൈ, അഹമ്മദബാദ്, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണം. എത്തിച്ചേരുന്ന സംസ്ഥാനത്തെ സർക്കാരിന്റെ രജിസ്‌ട്രേഷൻ പരിഗണിച്ച് ടിക്കറ്റ് നൽകണം. ഇത്തരം സ്‌പെഷ്യൽ ട്രെയിനുകൾക്ക് എത്തിച്ചേരുന്ന സംസ്ഥാനത്ത് മാത്രമേ സ്റ്റോപ്പുകൾ അനുവദിക്കാവൂ.

സംസ്ഥാനങ്ങൾക്ക് മതിയായ തോതിൽ ടെസ്റ്റ് കിറ്റുകൾ അനുവദിക്കണം. രാജ്യത്തെ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ച ടെസ്റ്റിംഗ് സാങ്കേതികവിദ്യകൾക്ക് അംഗീകാരം നൽകുന്നത് ത്വരിതപ്പെടുത്തണം.

യാത്രകൾ ചെയ്തിട്ടുള്ളവരെ വീടുകളിൽ നിരീക്ഷിക്കുന്നതിന് ഫലപ്രദമായ സംവിധാനം കേരളത്തിലുണ്ട്. സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മേൽനോട്ടം വഹിച്ചുകൊണ്ടാണ് ഇവിടെ വീടുകളിലെ നിരീക്ഷണം നടക്കുന്നത്. പൊതുസ്ഥാപനങ്ങളിൽ ആളുകളെ കൂട്ടത്തോടെ താമസിപ്പിക്കുന്നതിന്റെ സമ്മർദം ഒഴിവാക്കുന്ന രീതിയുമാണ് ഇത്. ഇപ്പോൾ വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവരെ ഉൾപ്പടെ വീടുകളിൽ നിരീക്ഷണത്തിലേക്ക് അയക്കാൻ ഈ സാഹചര്യത്തിൽ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു.

2020-21ൽ കേന്ദ്ര ഗവൺമെൻറ് 12 ലക്ഷം കോടി രൂപ കടമെടുക്കാൻ പോകുന്നുവെന്നാണ് അറിയുന്നത്. ബജറ്റ് വിഭാവനം ചെയ്ത കടമെടുപ്പ് 7.8 ലക്ഷം കോടിയുടേതാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിൻറെ 5.5 ശതമാനമാണ് ഈ കടം. ഈ അസാധാരണ ഘട്ടത്തിൽ കൂടുതൽ വായ്പ അനിവാര്യമാണ്. സാമൂഹികരംഗത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള സംസ്ഥാനങ്ങൾക്കും അത് ബാധകമാണ് എന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുമുള്ള സഹായ പദ്ധതികൾ പെട്ടെന്ന് പ്രഖ്യാപിക്കണം. അതോടൊപ്പം തൊഴിലുകൾ നിലനിർത്താൻ വ്യവസായമേഖലകൾക്ക് പിന്തുണ നൽകണം.

ഭക്ഷ്യഉൽപാദനം വർധിപ്പിക്കുന്നതിന് തരിശുഭൂമിയിലടക്കം കൃഷി ചെയ്യാനുള്ള ബൃഹദ്പദ്ധതിക്ക് കേരളം രൂപം നൽകിയിട്ടുണ്ട്. അതിന് സഹായകമാംവിധം തൊഴിലുറപ്പ് പദ്ധതിയെ ക്രമീകരിക്കണം.

ഫെഡറലിസത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ജനങ്ങളുടെ ഉപജീവനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

Story highlight: States should be given the freedom to make reasonable changes in lockdown; CM at video conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here