Advertisement

ദേശീയപാതാ വികസനം: തലപ്പാടി – ചെങ്ങള റീച്ചിന് അംഗീകാരം

May 13, 2020
Google News 1 minute Read
highway development INDIA

സംസ്ഥാനത്തിന്റെ പൊതു വികസനം ഈ പ്രതിസന്ധി കാലഘട്ടത്തിലും തടസമില്ലാതെ മുന്നോട്ട് പോകണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് നിശ്ചയ ദാര്‍ഢ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകാന്‍ പോവുകയാണ്. ആദ്യഘട്ടമായി തലപ്പാടി- ചെങ്ങള റീച്ചിന്റെ പ്രവര്‍ത്തിക്കാണ് അംഗീകാരമായത്. ഭാരത് മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡില്‍ ആണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മിറ്റി അംഗീകാരം നല്‍കി. ഇനി ഉപരിതല ഗതാഗത വകുപ്പ് കൂടി ഉത്തരവിറക്കണം. ടെണ്ടര്‍ നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഉത്തരവിറങ്ങിയാല്‍ ബിഡ് ഓപ്പണ്‍ ചെയ്ത് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തലപ്പാടി മുതല്‍ ചെങ്ങള വരെയുള്ള 39 കിലോമീറ്റര്‍ 45 മീറ്റര്‍ വീതിയില്‍ ആറ് വരി ആക്കി വികസിപ്പിക്കുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ മൊത്തം ചിലവ് 1968.84 കോടി രൂപയാണ്. 2.5 വര്‍ഷം കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനുദ്ദേശിക്കുന്നത്. ഇതിനായി 35.66 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കലിന് 683.09 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 521.81 കിലോമീറ്റര്‍ ദേശീയ പാതാ വികസനത്തിനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതില്‍ 266.22 കിലോ മീറ്റര്‍ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 18 കിലോ മീറ്റര്‍ ദൂരമുള്ള തലശേരി – മാഹി ബൈപാസ് പ്രവര്‍ത്തി പുരോഗമിക്കുകയാണ്. 28.6 കിലോമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട് ബൈപാസ് ആറു വരിയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്

ഭൂമി ഏറ്റെടുക്കലടക്കം ഇരുപതിനായിരം കോടിയോളം രൂപ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തികള്‍ തൊഴില്‍ സാധ്യത കൂടി വര്‍ധിപ്പിക്കുന്ന ഒന്നായി മാറും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയ പാതാ വികസനം മുതല്‍ക്കൂട്ടാകും. വ്യവസായ – വാണിജ്യ മേഖലകളിലെ വികസനവും ത്വരിതപ്പെടുത്താന്‍ ഈ പദ്ധതികള്‍ പ്രയോജനകരമാകും. തുടര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: National Highway Development

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here