347 പ്രവാസികൾ കൂടി കരിപ്പൂരിൽ വിമാനമിറങ്ങി; 7 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

കൊവിഡ് ആശങ്കകൾക്കിടെ 347 പ്രവാസികൾ കൂടി നാട്ടിൽ തിരിച്ചെത്തി. കുവൈത്തിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിമാനങ്ങളാണ് കരിപൂരിൽ എത്തിയത്.
കുവൈത്തിൽ നിന്ന് 192 യാത്രക്കാരെയും കൊണ്ടുള്ള വിമാനം രാത്രി 10.15 നാണ് കരിപ്പൂരിലെത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന ആറു പേരെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇന്നലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് മലപ്പുറം സ്വദേശികൾ, രണ്ട് പാലക്കാട് സ്വദേശികൾ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലേയ്ക്കും ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
പുലർച്ചെ 01.15 നാണ് 155 പേരെ അടങ്ങുന്ന സംഘവുമായി ജിദ്ദയിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ എത്തിയത്. ഇതിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയ വനിതയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് ലക്ഷണങ്ങൾ കണ്ടവരെ യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കാതെ റൺവെയിൽത്തന്നെ ആംബുലൻസെത്തിച്ചാണ് ആശുപത്രികളിലേക്ക് മാറ്റിയത്.
രണ്ട് വിമാനങ്ങളിൽ നിന്നുമായി മടങ്ങി എത്തിയവരിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ട ആലപ്പുഴ സ്വദേശിനിയായ ഗർഭിണിയടക്കം 14 പേരെയും വിവിധ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. തിരിച്ചെത്തിയ 347 പേരിൽ നിന്നും 104 പേരേ വിവിധ കോവിഡ് കെയർ സെന്ററുകളിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 222 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിനായി അയച്ചു.
Story Highlights-347 expats reached karipur 7 exhibited covid symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here