Advertisement

കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്

May 16, 2020
Google News 1 minute Read
KPCC OFFICE Political Committee Meeting today

ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം. ഇനി രാഷ്ട്രീയകാര്യ സമിതി ചേരില്ലെന്ന് നിലപാടെടുത്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വഴങ്ങിയതോടെയാണ് യോഗം കൂടാനുളള ധാരണയായത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കവും കെപിസിസി ഭാരവാഹികളുടെ ചുമതല നിശ്ചയിക്കലുമാണ് പ്രധാന അജണ്ട

കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വാര്‍ത്തയായത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇനി രാഷ്ട്രീയകാര്യ സമിതി ചേരാനില്ലെന്ന് അദ്ദേഹം നിലപാട് കടുപ്പിക്കുകയായിരുന്നു. കേന്ദ്രനേതൃത്വത്തിന് മുല്ലപ്പളളി പരാതിയും നല്‍കിയിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നടന്ന കൂടിയാലോചനകളില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വിട്ടുവീഴ്ചക്ക് തയാറായതോടെയാണ് നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സമിതി യോഗം ചേരുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ മാത്രമുളള സമിതിയില്‍ അതിന്റെ ഗൗരവത്തിന് നിരക്കാത്ത സമീപനം അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന ഉപാധിയോടെയാണ് മുല്ലപ്പളളി നിലപാട് മയപ്പെടുത്തിയത്.

ഇന്ന് രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവര്‍ ഇന്ദിരാഭവനിലും മറ്റു നേതാക്കള്‍ വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും. കെപിസിസി ഭാരവാഹികള്‍ ചുമതലയേറ്റ് മൂന്നുമാസമായിട്ടും അവരുടെ ചുമതലകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല. ഇക്കാര്യവും യോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആക്രമണത്തിനും യോഗം രൂപം നല്‍കിയേക്കും.

 

Story Highlights: KPCC Political Committee Meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here