സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മൂന്നിൽ നിന്ന് അഞ്ച് ശതമാനമായാണ് ഉയർത്തിയത്. ഇത് നടപ്പുസാമ്പത്തിക വർഷത്തേക്ക് മാത്രമായിരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ് കേന്ദ്രം അംഗീകരിച്ചത്.

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അഞ്ചാംഘട്ട പ്രഖ്യാപനമാണ് ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത്. ഏഴ് മേഖലകളിൽ ഊന്നിയുള്ള പ്രഖ്യാപനത്തിൽ തൊഴിലുറപ്പ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കാണ് പ്രഥമ പരിഗണന. തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി രൂപ അധികം വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖല കൂടുതൽ പരിഷ്‌കരിക്കും. രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകർച്ച വ്യാധി ചികിത്സാ ബ്ലോക്കുകൾ തുടങ്ങും. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

read also: കൊവിഡ് അഞ്ചാം ഘട്ട സാമ്പത്തിക പാക്കേജില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ

ഓൺലൈൻ വിദ്യാഭ്യാസത്തിന് 12 ചാനലുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. നാല് മണിക്കൂർ സ്വയംപ്രഭ ഡിടിഎച്ച് സംവിധാനം തുടങ്ങും. ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓരോ ടിവി ചാനൽ തുടങ്ങും. ഓരോ ക്ലാസിനും ഓരോ ചാനലാകും ഉണ്ടാകുക. 100 സർവകലാശാലകളിൽ മെയ് 30 മുതൽ ഓൺലൈൻ കോഴ്‌സുകൾ തുടങ്ങും. ഇന്റർനെറ്റ് ഇല്ലാത്തവർക്കും ഇ ലേണിംഗ് ലഭ്യമാകും. ഇ പാഠശാലയിൽ 200 പുസ്തകങ്ങൾ കൂടി ചേർത്തു. ഇന്റർനെറ്റ് സൗകര്യമുള്ള കുട്ടികൾക്കായി സ്‌കൈപ് ഉപയോഗിച്ച് തത്സമയ പാഠ്യ പദ്ധതികളും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനാടി ടാറ്റാ സ്‌കൈയും എയർടെല്ലുമായി കരാറിൽ ഏർപ്പെട്ടതായി കേന്ദ്രമന്ത്രി പറഞ്ഞു.

read also: വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന; സ്വയംപ്രഭയുടെ കീഴിൽ 12 ചാനലുകൾ കൂടി

രാജ്യം നിർണായക ഘട്ടത്തിലെന്ന് പറഞ്ഞുകൊണ്ടാണ് നിർമല സീതാരാമൻ വാർത്താസമ്മേളനം ആരംഭിച്ചത്. പ്രതിസന്ധികളെ അവസരമാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പാക്കേജിലൂടെ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സ്വയം പര്യാപ്തതയാണ്. സ്വാശ്രയ ഭാരതത്തിനായി ഭൂമിയും തൊഴിലും പണവും നിയമവും വിനിയോഗിക്കണം. ലോക്ക് ഡൗൺ കാലത്ത് ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാനായെന്ന് പറഞ്ഞ മന്ത്രി എഫ്‌സിഐക്കും സംസ്ഥാന സർക്കാരിനും അഭിനന്ദനം അറിയിക്കുകയും ചെയ്തു.

story highlights- coronavirus, nirmala sitaraman, economic package

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top