വാഹനങ്ങളില്‍ ആളുകളെ കുത്തിനിറയ്ക്കരുത്, തട്ടുകടകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കണം: മുഖ്യമന്ത്രി

lockdown KERALA

വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ പൊതുവെ ചലനാത്മകത ഉണ്ടായി. പക്ഷേ, കാര്യങ്ങള്‍ അയഞ്ഞുപോകുന്നതിലേക്ക് ഇത് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ്തല സമിതികളുടെയും ഇടപെടല്‍ പ്രധാനമാണ്. തുറന്ന മനസോടെയും അര്‍പ്പണബോധത്തോടെയും എല്ലാവരും പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹായം ഉണ്ടാകണം. ചെക്ക്‌പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റുകളും മാസ്‌കും മറ്റും ആവശ്യാനുസരണം ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്ന് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിടത്ത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ട്.

റോഡരികിലെ തട്ടുകടകള്‍ റെസ്റ്റോറന്റ് മാതൃകയില്‍ ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത് അനുവദിക്കാന്‍ പറ്റുന്ന പ്രവണതയല്ല. പാഴ്‌സല്‍ ഭക്ഷണമേ സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമാണ് ട്യൂഷന്‍ തുടങ്ങാന്‍ അനുവാദമുണ്ടാവുക. നിര്‍ബന്ധമാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ട്യൂഷനാകാം.

ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുന്നുണ്ട്. അത് നിയന്ത്രിക്കും. തിക്കിത്തിരക്കി രോഗികളും സഹായികളും എത്തുന്നതും സാമൂഹിക അകലം പാലിക്കാത്തതും ആശുപത്രികളിലാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പില്‍നിന്നും ഉണ്ടാകും. എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കും. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഇതില്‍ ഉടനെ ഇടപെടണം.

തുണിക്കടകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഒന്നിലധികം നിലകളുള്ള കടകള്‍ക്കും പ്രവര്‍ത്തിക്കാം. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് എത്തുന്നത് പൂര്‍ണമായും ഒഴിവാക്കണം. രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. തുണി മൊത്തവ്യാപാര കടകള്‍ക്ക് പ്രവര്‍ത്തന അനുവാദമുണ്ട്. പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ ആവശ്യമായ സജജീകരണങ്ങള്‍, ബസുകള്‍ ഉള്‍പ്പെടെ വേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഫോട്ടോകള്‍ എടുക്കാന്‍ സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തന അനുവാദം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഇതുവരെ എത്തിയത് 74426 പേര്‍

സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ല; ഇനി ഭയക്കേണ്ടത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ: മുഖ്യമന്ത്രി

ആരും ഇപ്പോള്‍ ഉള്ളിടത്ത് അനന്തമായി കുടുങ്ങില്ല; നാട്ടില്‍ എത്താനുള്ള സൗകര്യം ക്രമാനുഗതമായി ഒരുങ്ങുന്നുണ്ട്: മുഖ്യമന്ത്രി

Story Highlights: restrict congestion in hospitals

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top