ജിങ്കൻ ക്ലബ് വിട്ടു; സ്ഥിരീകരണവുമായി മാനേജ്മെൻ്റ്

jhingan left kerala blasters

ഐഎസ്എൽ തുടങ്ങിയതിനു ശേഷം കഴിഞ്ഞ 6 സീസണുകളിലായി കേരള ബ്ലാറ്റ്സേഴ്സിൻ്റെ ജീവനാഡിയായിരുന്ന പ്രതിരോധ താരം സന്ദേശ് ജിങ്കൻ ക്ലബ് വിട്ടു. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ജിങ്കൻ ക്ലബ് വിടുന്നതെന്നാണ് മാനേജ്മെൻ്റിൻ്റെ വിശദീകരണം. വിദേശ ക്ലബിലേക്കാണ് ജിങ്കൻ പോകുന്നതെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അത്തരം വാർത്തകൾക്ക് സ്ഥിരീകരണമില്ല.

Read Also: ജിങ്കൻ കഥ എഴുതുകയാണ്; പുസ്തകം ഉടൻ പുറത്തിറങ്ങും

26കാരനായ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും സുപ്രധാന താരമായിരുന്നു. ആരാധകർക്കും ഏറെ പ്രിയപ്പെട്ട ജിങ്കൻ ക്ലബ് വിടുന്നത് ക്ലബിന് കനത്ത നഷ്ടമാകും. അടുത്തിടെ താൻ ക്ലബിൽ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിദേശ ക്ലബിലേക്ക് പോകാൻ ജിങ്കൻ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകളെ തള്ളിയാണ് താരം രംഗത്തെത്തിയത്. അഞ്ച് കോടി രൂപവരെ നല്‍കാന്‍ എടികെ തയ്യാറായിരുന്നെങ്കിലും ക്ലബ്ബ് വിടാന്‍ താല്‍പര്യമില്ലെന്ന് താരം അറിയിക്കുകയും ചെയ്തു. തുടർന്ന് ബ്ലാസ്റ്റേഴ്സുമായി 2023 വരെ താരം കരാർ ഒപ്പിടുകയും ചെയ്തു. എന്നാൽ, കാലാവധി തീരുന്നതിനു മുൻപ് ക്ലബുമായി വേർപിരിയാൻ താരം തീരുമാനിക്കുകയായിരുന്നു.

Read Also: ജിങ്കനു പരുക്ക്; ആറുമാസം പുറത്തിരിക്കും: ഇന്ത്യക്കും ബ്ലാസ്റ്റേഴ്സിനും കനത്ത തിരിച്ചടി

അതേ സമയം, ഒരു സീസൺ നീണ്ട പരുക്കാണ് താരത്തെ ഒഴിവാക്കാൻ ക്ലബിനെ പ്രേരിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. മുൻ സൂപ്പർ താരമായ ഇയാൻ ഹ്യൂം തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇത്തരത്തിൽ ഒരു ആരോപണം ഉയർത്തിയിരുന്നു. ഹ്യൂമും ഒരു സീസൺ നീണ്ട പരുക്കിനു ശേഷം ടീമിൽ നിന്ന് പുറത്തായിരുന്നു. അത് ജിങ്കനും സംഭവിച്ചു എന്നാണ് ഹ്യൂം പറയുന്നത്. മറ്റൊരു മുൻ താരം മൈക്കൽ ചോപ്ര ഹ്യൂമിനെ പിന്തുണക്കുകയും ചെയ്തു. മാനേജ്മെൻ്റിന് ക്ലബ് നടത്താൻ അറിയില്ലെന്നാണ് ചോപ്ര കുറിച്ചത്.

2014 മുതൽ കേരളാ ബ്ലാസ്റ്റേഴ്സിലുള്ള ജിങ്കൻ 77 മത്സരങ്ങളിലാണ് ഇതു വരെ ക്ലബിനു വേണ്ടി ബൂട്ടണിഞ്ഞത്. ഇന്ത്യക്ക് വേണ്ടി 31 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ താരം 4 ഗോളുകളും നേടി.

Story Highlights: jhingan left kerala blasters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top