Advertisement

ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറാനുള്ള ചൈനയുടെ ശ്രമങ്ങളിൽ വർധനവ് ഉണ്ടായതായി കണക്കുകൾ

May 22, 2020
Google News 2 minutes Read
india-china border

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറാനുള്ള ചൈനയുടെ ശ്രമങ്ങളിൽ വർധനവ് ഉണ്ടായതായി കണക്കുകൾ. 2015 മുതൽ 2019 വരെയുള്ള കാലയളവിൽ ആയിരക്കണക്കിന് അതിർത്തി ലംഘനങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ഓരോ വർഷവും ഇത് വർധിച്ചു വരികയാണെന്നുമാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.

ഈ വർഷം ഇതുവരെ 170 തവണ നിയന്ത്രണരേഖ മറികടന്ന് ചൈന ഇന്ത്യൻ മണ്ണിലേക്ക് കടന്നു കയറാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2020 തുടങ്ങി ആദ്യത്തെ നാലുമാസങ്ങൾക്കിടയിലാണ് ഇത്രയും തവണ ചൈന അതിർത്തി ലംഘനം നടത്തിയത്. ഈ വർഷം നടത്തിയ കയ്യേറ്റശ്രമങ്ങളിൽ 130 എണ്ണവും ലഡാക്കിലായിരുന്നു. ലഡാക്കിൽ കടന്നു കയറാനുള്ള ശ്രമം ചൈനയുടെ ഭാഗത്ത് നിന്നും വർധിക്കുന്നത് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ലഡാക്കിലും സിക്കിമിലും ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

2019 ൽ ചൈന നടത്തിയത് 663 നിയന്ത്രണ രേഖ ലംഘനങ്ങളായിരുന്നു. അതിൽ 497 എണ്ണവും ലഡാക്കിലായിരുന്നു. ഇക്കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുക്കുമ്പോഴും ലഡാക്ക് ഉൾപ്പെടുന്ന പടിഞ്ഞാറൻ അതിർത്തികളിലാണ് ചൈനീസ് കടന്നുകയറ്റം കൂടുതലും ഉണ്ടായിരിക്കുന്നത്. 2015 മുതൽ 2019 വരെയുള്ള കണക്കിൽ ഏറ്റവും കുറവ് കൈയേറ്റം നടന്ന 2016 ലും ലഡാക്കിൽ കടന്നു കയറാനുള്ള ശ്രമങ്ങളായിരുന്നു കൂടുതലും. ആ വർഷം 296 തവണയാണ് അതിർത്തി ലംഘനം നടന്നതെങ്കിൽ 208 തവണയും ലഡാക്കിൽ കടന്നു കയറാനായിരുന്നു ശ്രമിച്ചത്.

read also:നേപ്പാൾ- ഇന്ത്യാ തർക്കം: പ്രശ്‌നത്തിൽ ചൈനയെയും ഉൾപ്പെടുത്തി മനീഷാ കൊയ്‌രാളയുടെ ട്വീറ്റ്; വിമർശിച്ച് സ്വരാജ്

അതേസമയം, വ്യോമാതിർത്തി ലംഘിക്കാനുള്ള ചൈനീസ് ശ്രമങ്ങളുടെ കണക്കിൽ സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ സെക്ടറാണ് മുന്നിൽ. 2019 ൽ 108 തവണ കിഴക്കൻ സെക്ടറിൽ അതിർത്തി ലംഘനം നടത്തിയതിൽ 64 എണ്ണവും വ്യോമാതിർത്തി ലംഘനങ്ങളായിരുന്നു. 2018 ൽ 42 തവണയാണ് ചൈന ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ തയ്യറായത്.

Story highlights-China’s efforts to cross the Indian border have seen an increase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here