സർക്കാർ അഞ്ചാം വർഷത്തിലേയ്ക്ക്; ജനങ്ങളോട് സംവദിക്കാൻ മുഖ്യമന്ത്രി

കൊവിഡ് മഹാമാരിക്കിടെ സംസ്ഥാന സർക്കാർ ഇന്ന് അഞ്ചാം വർഷത്തിലേയ്ക്ക്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വാർഷികാഘോഷ പരിപാടികൾ ഒന്നും വേണ്ടെന്നാണ് സർക്കാർ തീരുമാനം. സർക്കാർ അഞ്ചാം വർഷത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളുമായി സംവദിക്കും.

ആരോഗ്യ രം​ഗത്തെ നേട്ടങ്ങളുമായാണ് എൽ.ഡി.എഫ്​ സർക്കാർ അഞ്ചാം വർഷത്തിലേക്ക്​ കടക്കുന്നത്​. നിപയെ വിജയകരമായി മറികടന്നതിന്​ ശേഷം, കൊവിഡിനെതിരെ മികച്ച രീതിയിൽ പ്രതിരോധം സൃഷ്ടിക്കാനും സർക്കാരിന് കഴിഞ്ഞു. കേരളം നടത്തിയ മുന്നേറ്റം ലോകമാധ്യമങ്ങളുടെ വരെ ശ്രദ്ധ തേടി. ആദ്യഘട്ടം മുതൽ സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും രോഗവ്യാപനം തടയുന്നതിൽ വലിയ പങ്കാണ്​ വഹിച്ചത്​. അതേസമയം തന്നെ ചില വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് പഴി കേൾക്കേണ്ടതായും വന്നു. കസ്​റ്റഡി മരണങ്ങളും മാവോവാദി ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും അറസ്​റ്റുകളുമെല്ലാം ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ഇതിനിടയും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേറ്റില്ല എന്നതാണ് ശ്രദ്ധേയം,

കൂടുതൽ ജനകീയമായ അജണ്ടകൾക്കായിരുക്കും ഇനി സർക്കാർ മുൻതൂക്കം നൽകുക എന്നതി​ന്റെ സൂചനയാണ്​ ഇന്നത്തെ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ സംവാദം. സർക്കാറി​​ന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അവ ജനങ്ങൾക്കിടയിൽ സജീവമായി നിലനിർത്തുന്നതിനും ആയിരിക്കും ഇനി പ്രഥമ പരി​ഗണന.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഏതുമില്ലാതെയാണ് നാലാം വാർഷികം കടന്നുപോകുന്നത്. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നു. വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ മുതൽ നാളെ രാവിലെ 11 മണി വരെ ചോദ്യങ്ങൾ ചോദിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top