വെഞ്ഞാറമൂട് സിഐയുമായി വേദിപങ്കിട്ടു; സുരാജും ഡി കെ മുരളി എംഎൽഎയും ക്വാറന്റീനിൽ

വാമനപുരം എംഎൽഎ ഡി.കെ മുരളിയും, സിനിമാ നടൻ സുരാജ് വെഞ്ഞാറമ്മൂടും ഹോം ക്വാറന്റീനിൽ. മുൻകരുതലിൻ്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയെ അറസ്റ്റ് ചെയ്ത വെഞ്ഞാറമ്മൂട് സി.ഐ അടക്കമുള്ള ചില പൊലീസുകാർ എം.എൽ.എയും, സുരാജുമുള്ള പരിപാടിയിൽ പങ്കെടുത്തിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയെ 22നാണ് വെഞ്ഞാറമ്മൂട് സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു കോടതിയിൽ ഹാജരാക്കുന്നത്. പിന്നീട് റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ജയിലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ സി.ഐ അടക്കം വെഞ്ഞാറമ്മൂട് സ്റ്റേഷനിലെ 20 പൊലീസുകാരെ ക്വറന്റീനിൽ വിട്ടിരുന്നു. എന്നാൽ 23ന് വെഞ്ഞാറമ്മൂട്ടിൽ എം.എൽ.എ ഡി.കെ.മുരളിയടക്കം പങ്കെടുത്ത പരിപാടിയിൽ വെഞ്ഞാറമ്മൂട് സി.ഐ ഉൾപ്പെടെ ചില പൊലീസുകാരും പങ്കെടുത്തിരുന്നു. സിനിമാ നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ നേതൃത്വത്തിൽ നടന്ന കൃഷിയുടെ ഉദ്ഘാടന പരിപാടിയായിരുന്നു അത്. ഇക്കാര്യം പരിഗണിച്ചാണ് വാമനപുരം എം.എൽ.എ ഡി.കെ മുരളി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരോട് ഹോം ക്വറന്റീനിൽ പോകാൻ നിർദേശം നൽകിയത്.

റിമാൻഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെ 12 ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ ഇയാൾക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

Story highlights- suraj venjarammood, d k murali mla, venjarammood CI, coronavirus, home quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top