അമ്മമാരെ നഷ്ടപ്പെടുന്ന കുട്ടികളും കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന മാതാക്കളും; തല കുമ്പിട്ട് ഇരിക്കേണ്ട അവസ്ഥയാണെന്ന് കപിൽ സിബൽ

kapil sibal

റെയിൽവേ സ്റ്റേഷനിൽ മരിച്ചു കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയെ കുഞ്ഞ് വിളിച്ചുണർത്താൻ ശ്രമിക്കുന്ന നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബീഹാറിലെ മുസഫർപൂരിൽ നടന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ഉത്തരവാദിത്തത്തിൽ പെടുന്നവരല്ലേ എന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ചോദിച്ചു. നമ്മൾ ഈ സംഭവത്തിൽ നാണക്കേടുകൊണ്ട് തലകുനിച്ച് ഇരിക്കേണ്ടവരാണെന്നും അദ്ദേഹം കുറിച്ചു.

‘ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ഉത്തരവാദിത്തത്തിൽ പെടില്ലേ? മരിച്ച കുടിയേറ്റ തൊഴിലാളിയായ അമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന മകൻ, ദാഹവും വിശപ്പും മൂലം കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്ന മാതാക്കൾ, ശ്രമിക് പ്രത്യേക തീവണ്ടികളിൽ വെള്ളമില്ല, ഭക്ഷണമില്ല. ദുർഗന്ധം വമിക്കുന്ന ശൗചാലയങ്ങളും തിങ്ങിനിറഞ്ഞ ബോഗികളും. ഇതൊക്കെ കാണുമ്പോൾ നമ്മൾ നാണക്കേടുകൊണ്ട് തല താഴ്ത്തി ഇരിക്കേണ്ടതുണ്ട്.’ അദ്ദേഹം കുറിച്ചു.

ഗുജറാത്തിൽ നിന്നും ബീഹാറിലേക്ക് യാത്ര ചെയ്ത യുവതിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കത്തിഹാർ സ്വദേശിനായായ ഇരുപത്തിമൂന്നുകാരി ഭക്ഷണവും വെള്ളവും ലഭിക്കാതെ മുസഫർപൂരിലെത്തിയപ്പോഴേക്കും തളർന്നുവീഴുകയായിരുന്നു. മരിച്ച അമ്മയെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന രണ്ട് വയസുള്ള മകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി. കൊടുംചൂടും നിർജലീകരണവും അവരുടെ മരണത്തിന് വേഗം കൂട്ടി. റെയിൽവേ അധികൃതർ യുവതിയുടെ മൃതദേഹവുമായി കുടുംബത്തെ മുസഫർപൂർ സ്റ്റേഷനിൽ ഇറക്കിവിട്ടു. കൂടാതെ അതേ സ്റ്റേഷനിൽ ഡൽഹിയിൽ നിന്നെത്തിയ രണ്ട് വയസുകാരനും ഈയിടെ മരിച്ചിരുന്നു.

Story highlights-kapil sibal tweet about migrant workers death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top