Advertisement

ജലത്തിനും വനത്തിനുമിടയില്‍ ഒറ്റപ്പെട്ടുപോയ 192 കുടുംബങ്ങള്‍; എംപി വീരേന്ദ്രകുമാര്‍ എന്ന ജനപ്രതിനിധിയുടെ ഇടപെടലുകള്‍

May 29, 2020
Google News 1 minute Read
wayanad

1980 കാലഘട്ടത്തിലാണ് വയനാട്ടിലെ തരിയോട് എന്ന ചെറുനഗരം ബാണസുരസാഗര്‍ അണക്കെട്ടിന് വേണ്ടി പൂര്‍ണമായും കുടിയൊഴുപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടിന് വേണ്ടി നൂറുകണക്കിന് കുടുംബങ്ങളാണ് വീടും നാടും വിട്ട് കുടിയിറങ്ങിയത്. ചരിത്ര പ്രസിദ്ധമായ കുതിരപ്പാണ്ടി റോഡിന് ഇരുവശവും നീണ്ടുകിടന്ന പട്ടണവും നാടും ജലസമാധി അടഞ്ഞപ്പോള്‍ ഒറ്റപ്പെട്ട് പോയ 192 കുടുംബങ്ങളുണ്ടായിരുന്നു റവന്യൂ 90 എന്ന സ്ഥലത്ത്.

മൂന്ന് വശവും അണക്കെട്ടിലെ ജലവും ഒരു വശത്ത് വനവുമായത് കാരണം ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത തരത്തില്‍ റവന്യൂ 90ലെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് നടന്ന ജനകീയ സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു എംപി വീരേന്ദ്രകുമാര്‍. എണ്‍പതുകളില്‍ കുടിയൊഴുപ്പിക്കല്‍ ആരംഭിച്ചെങ്കിലും പദ്ധതി പ്രദേശത്ത് അല്ലെന്ന കാരണത്താല്‍ റവന്യൂ 90ലെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല.പദ്ധതി പ്രദേശത്ത് അല്ലെങ്കിലും അണക്കെട്ട് കാരണം ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ അര്‍ഹമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും അദ്ദേഹമായിരുന്നു.

Read Also:വയനാടിന്റെ സ്വന്തം വീരേന്ദ്രകുമാര്‍

റവന്യൂ 90ലെ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എണ്ണിയാല്‍ ഒടുങ്ങാത്ത സമരങ്ങളാണ് അന്ന് വയനാട്ടിലുണ്ടായത്. 440 പേര്‍ അറസ്റ്റ് വരിച്ച് കൊണ്ട് നടന്ന ജയില്‍ നിറയ്ക്കല്‍ സമരം അന്ന് നടന്ന സമര പരമ്പരയുടെ ഉദാഹരണം മാത്രമാണ്. എല്ലാ സമരങ്ങളുടെ മുന്നില്‍ എന്നും വീരേന്ദ്രകുമാര്‍ എന്ന നേതാവും ഉണ്ടായിരുന്നു. 1987 ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ മാനുഷിക പരിഗണന വച്ച് റവന്യൂ 90ലെ കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാനും നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. എംപി വീരേന്ദ്രകുമാര്‍ എന്ന കല്‍പ്പറ്റക്കാരുടെ സ്വന്തം എംഎല്‍എയുടെ ഇടപെടലും ഉണ്ടായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. വയനാടിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഏറ്റവും വലിയ കുടിയൊഴുപ്പിക്കലായിരുന്നു തരിയോട്ടിലേത്. കുടിയൊഴുപ്പിക്കപ്പെട്ട ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജനകീയ സമരത്തിന്റെ ആദ്യാവസാനം കൂടെയുണ്ടായിരുന്ന നേതാവായിരുന്നു എംപി വീരേന്ദ്രകുമാര്‍ എന്ന് അന്നത്തെ സമരസമിതി അംഗമായിരുന്ന കെഎന്‍ ഗോപിനാഥന്‍ ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.

Story highlights-192 families in Revenue 90; MP Veerendrakumar intervenes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here