ടോക്കണോ വെർച്വൽ ക്യൂവോ ഇല്ല; മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് പാലക്കാട് മദ്യവില്പന: സംഭവം എസ്പി ഓഫീസിന് തൊട്ടടുത്ത്

മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് ബാറിൽ മദ്യവില്പന. പാലക്കാട് എടിഎസ് ബാറിനു മുന്നിലാണ് സർക്കാർ മാർഗനിർദ്ദേശങ്ങളൊക്കെ ലംഘിച്ച് മദ്യവില്പന നടക്കുന്നത്. സാമൂഹിക അകലം പാലിക്കാതെ നിരവധി പേരാണ് ബാറിനു മുന്നിൽ തടിച്ചു കൂടിയത്. എസ്പി ഓഫീസിനു ചേർന്ന് നിൽക്കുന്ന കെട്ടിടത്തിലാണ് പരസ്യമായി മദ്യ വില്പന നടക്കുന്നത്.
Read Also: വെർച്വൽ ക്യൂവും ഈ ടോക്കണും ഇല്ലാതെ എറണാകുളത്ത് തുറന്ന മദ്യ വിൽപ്പന
ബെവ്ക്യു ആപ്പ് ഉപയോഗിച്ചുള്ള ബുക്കിംഗോ ഇ-ടോക്കണോ ഇവിടെ ആവശ്യമില്ല. വരുന്നവർക്കെല്ലാം മദ്യം നൽകും. ആപ്പില്ലെങ്കിൽ മദ്യം ലഭിക്കുമെന്നാണ് ബാറിൽ നിന്ന് ആളുകളോട് പറയുന്നത്. കനത്ത തിരക്കാണ് അവിടെയുള്ളത്. പക്ഷേ, പൊലീസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ല. എസ്പി ഓഫീസിനു ചേർന്ന് നിൽക്കുന്ന കെട്ടിടം ആയിട്ടും യാതൊരു വിധ പരിശോധനയും ഇവിടെ നടത്തിയിട്ടില്ല. പാലക്കാട് നഗരത്തിലെ പല ബാറുകളുടെയും സ്ഥിതി ഇത് തന്നെയാണ്.
ഇന്നലെ വെര്‍ച്വല്‍ ക്യൂവും ഇ – ടോക്കണും ഇല്ലാതെ എറണാകുളത്ത് തുറന്ന മദ്യ വില്‍പന നടത്തിയ ബാറിനെതിരെ നടപടി എടുത്തിരുന്നു. എറണാകുളം അങ്കമാലി സൂര്യ ബാറിനെതിരെയാണ് നടപടി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് എക്‌സൈസ് നടപടിയെടുത്തത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന അങ്കമാലി സൂര്യ ബാര്‍ എക്‌സൈസ് അടപ്പിച്ചു. ബാര്‍ മാനേജരെയും ഉടമയേയും പ്രതിചേര്‍ത്ത് കേസ് എടുത്തു. എക്‌സൈസ് ജോയിന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് ബാര്‍ അടപ്പിച്ചത്.
മദ്യവില്‍പനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ വില്പന ആരംഭിച്ച ആദ്യ ദിവസം തന്നെ എറണാകുളം ജില്ലയിലെ ബാറുകള്‍ നിര്‍ദേശങ്ങള്‍ എല്ലാം അട്ടിമറിക്കുകയായിരുന്നു. അങ്കമാലി സൂര്യ ബാറില്‍ ബെവ് ക്യൂ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാതേയും, ടോക്കണില്ലാതേയും മദ്യം നല്‍കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 24 സംഘം അന്വേഷണം നടത്തിയത്.
Story Highlights: liquor sale without bevco guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here