ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കാത്ത കുട്ടികള്‍ക്കായി പദ്ധതി തയാറാക്കിയിട്ടുണ്ട്: മുഖ്യമന്ത്രി

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കാത്ത കുട്ടികള്‍ക്കായി പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു കൊണ്ടിരിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രതിസന്ധികളെ അവസരമാക്കുക, അത് ഫലപ്രദമായി നടപ്പിലാക്കുക എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാട് വിദ്യാഭ്യാസ മേഖലയില്‍ പ്രാവര്‍ത്തികമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ, ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത കുട്ടികള്‍ക്കും ക്ലാസുകള്‍ കാണാനുള്ള അവസരം ഒരുക്കുന്നുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കാത്ത കുട്ടികള്‍ക്കായി ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. ടെലിവിഷന്‍ ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്കായുള്ള അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ കെഎസ്എഫ്ഇ സ്‌പോണ്‍സര്‍ ചെയ്യും. ഇവിടങ്ങളില്‍ ടെലിവിഷനുകള്‍ വാങ്ങുന്നതിനുള്ള ചെലവിന്റെ 75 ശതമാനം കെഎസ്എഫ്ഇ സബ്‌സിഡിയായി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കിയതില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. അങ്ങനെ ഈ പഠനകേന്ദ്രങ്ങളെല്ലാം കെഎസ്എഫ്ഇ സ്‌പോണ്‍സര്‍ ചെയ്യും. ടെലിവിഷന്റെ 25 ശതമാനം ചെലവും കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവുകളും തദ്ദേശഭരണ സ്ഥാപനങ്ങളോ സ്‌പോണ്‍സര്‍മാരെയോ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിനുള്ള ഒരു സ്‌കീം കെഎസ്എഫ്ഇ രൂപം നല്‍കുന്നുണ്ട്. കെഎസ്എഫ്ഇയുടെ മൈക്രോ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ സിഡിഎസുകളിലാണ് ഈ സ്‌കീം നടപ്പാക്കുക.
ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ട കാര്യമില്ല. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ് നടത്തുന്നത്. ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.
ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായിട്ടുണ്ട്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയാറാക്കി അധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്. സാങ്കേതിക സംവിധാനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി ലൈവ് ക്ലാസുകള്‍ നല്‍കും.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ഒരുക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Online class kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here