ഉത്രാ വധം; ബാങ്ക് ലോക്കർ തുറന്ന് പരിശോധന; പത്ത് പവൻ സ്വർണം കണ്ടെത്തി

ഉത്രാ വധക്കേസിൽ ബാങ്ക് ലോക്കർ തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി. ലോക്കറിൽ 10 പവൻ സ്വർണം ഉണ്ടെന്നും ബാക്കി സ്വർണത്തിനായി പരിശോധന തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം പരിശോധന പൂർത്തിയാക്കിയ ശേഷമാണ് സൂരജിനെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

രാവിലെ പതിനൊന്നര മണിയോടെയാണ് ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിൽ എത്തി പരിശോധന ആരംഭിച്ചത്. 4 മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. സാമ്പത്തിക ലക്ഷ്യംവച്ച് നടത്തിയ കൊലപാതകത്തിൽ, കേസിലെ നിർണായക തെളിവായ സ്വർണം ലോക്കറിൽ ഉണ്ടോ എന്നറിയാനാണ് ലോക്കൽ തുറന്ന് പരിശോധന നടത്തിയത്. ഇവിടെ നിന്ന് 10 പവൻ സ്വർണം അന്വേഷണ സംഘം കണ്ടെത്തി. 6 പവൻ കാണിച്ച് കാർഷിക വായ്പ എടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

read also: ഉത്രാ വധക്കേസ്: ഗാർഹിക, സ്ത്രീധന പീഡനം നടന്നതായി അന്വേഷണ റിപ്പോർട്ട്

നേരെത്തെ സൂരജിന്റെ വീട്ടുകാർ ഒളിപ്പിച്ച ഉത്രയുടെ മുപ്പത്തിഏഴര പവൻ സ്വർണം സൂരജിന്റെ വീടിന് സമീപത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ബാങ്കിലെ പരിശോധന പൂർത്തിയാക്കി സൂരജിനെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ശേഷിക്കുന്ന സ്വർണ്ണം വിനിയോഗിച്ചതിന്റെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്. അമ്മയ്ക്കും സഹോദരിക്കും കൊലപാതക ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കുണ്ടോ എന്നറിയാൻ ഇരുവരേയും വെളളിയാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

story highlights- uthra murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top