ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (09-06-2020)

Top News Today

അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കി; ബസ് സർവീസിന് അധിക ചാർജ് ഈടാക്കമെന്ന് ഹൈക്കോടതി

ബസ് സർവീസിന് അധിക ചാർജ് ഈടാക്കമെന്ന് ഹൈക്കോടതി. അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കി. സ്വകാര്യ ബസുടമകളുടെ ഹർജിയിലാണ് നടപടി. കൊവിഡ് കാലത്തെ കനത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇപ്പോൾ സർവീസ് നടത്തുന്ന സാഹചര്യം ഉണ്ടായാൽ അത് തങ്ങൾക്ക് വലിയ ബാധ്യതയാകുമെന്നായിരുന്നു ബസുടമകളുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയത്.

‘അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നു’; അഞ്ജുവിന്റെ മൃതദേഹം നാട്ടുകാർ തടഞ്ഞു

പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ മൃതദേഹം നാട്ടുകാർ തടഞ്ഞു. നാട്ടുകാരോടൊപ്പം ബിജെപി യുവമോർച്ചാ പ്രവർത്തകരും പ്രതിഷേധത്തിൽ ഉണ്ട്. പോസ്റ്റ്മാർട്ടത്തിനു ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകവേയാണ് മൃതദേഹം തടഞ്ഞത്. അഞ്ജുവിൻ്റെ പിതാവ് അടക്കമുള്ളവരാണ് മൃതദേഹം തടഞ്ഞത്.

ഹാൾ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല; സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടി: അഞ്ജു ഷാജിയുടെ പിതാവ്

പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജി ഹാൾ ടിക്കറ്റിനു പിന്നിൽ കോപ്പി എഴുതിയെന്ന ഹോളി ക്രോസ് കോളജിൻ്റെ അവകാശവാദം നിഷേധിച്ച് കുട്ടിയുടെ പിതാവ്. അത് അഞ്ജുവിൻ്റെ കൈപ്പടയല്ലെന്നും ഹാൾ ടിക്കറ്റ് കാണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നപ്പോൾ അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. ഹാൾ ടിക്കറ്റിനു പിന്നിൽ പിന്നീട് എഴുതിച്ചേർത്തതാണ് കോളജ് അധികൃതർ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊവിഡിൽ വിറച്ച് രാജ്യം: ഇന്നലെ മാത്രം 331 മരണം; 9987 പുതിയ കേസുകൾ

രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 9987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 331 പേർ മരണപ്പെട്ടു. തുടർച്ചയായ ആറാം ദിവസമാണ് കൊവിഡ് കേസുകൾ 9000 കടക്കുന്നത്. ജനുവരി 30നാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അതിനു ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കുകളാണ് ഇത്. 2,66,598 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം. 7466 പേരാണ് ആകെ മരിച്ചത്. ആകെ 1,29,214 പേർ രോഗമുക്തരായി. ഇന്നലെ 9983 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇ-ടോക്കൺ നേട്ടം ബാറുകൾക്ക്; ബെവ്ക്യൂ ആപ്പിനെതിരെ പരാതി

സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പ് ബെവ്ക്യൂവിനെതിരെ പരാതിയുമായി കൺസ്യൂമർ ഫെഡും ബെവ്കോയും. ആപ്പ് സൗകര്യം ഏർപ്പെടുത്തിയതോടെ വരുമാനം ഗണ്യമായി കുറഞ്ഞു എന്നാണ് പരാതി. ഇടോക്കൺ നേട്ടമായത് ബാറുകൾക്ക് മാത്രമാണ്. പ്രതിദിനം 6 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കൺസ്യൂമർഫെഡിന് ഇപ്പോൾ രണ്ടരക്കോടി മാത്രമാണ് വരുമാനം. 15 ലക്ഷം പ്രതിദിന വരുമാനമുണ്ടായിരുന്ന ബെവ്കോയ്ക്ക് ഇപ്പോൾ 3 ലക്ഷം രൂപ മാത്രമേ വരുമാനമുള്ളൂ എന്നും പരാതിയുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷം; സമഗ്ര പദ്ധതി തയാറാക്കാൻ പത്ത് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം

കൊവിഡ് വ്യാപനവും മരണവും പിടിച്ചുനിർത്താൻ ജില്ലാ അടിസ്ഥാനത്തിൽ സമഗ്ര പദ്ധതി തയാറാക്കാൻ പത്ത് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വീടുകൾ തോറുമുള്ള സർവേയും പരിശോധനയും ഊർജിതമാക്കാൻ നിർദേശിച്ചു. ഡൽഹിയിൽ സമൂഹവ്യാപനമുണ്ടോയെന്ന് ചർച്ച ചെയ്യാൻ ദുരന്ത നിവാരണ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. ബെംഗളൂരുവിൽ കണ്ടൈന്മെൻ്റ് സോണുകളുടെ എണ്ണം 54 ആയി ഉയർന്നു.

Story Highlights: Top News Today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top