സുഭിക്ഷ കേരളം പദ്ധതി: കൊടുമണ്ണില്‍ റൈസ് മില്ലും മൂല്യവര്‍ധന യൂണിറ്റും

RICE MILL

കൊടുമണ്ണിലെ കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമായ റൈസ് മില്ലിനും മൂല്യവര്‍ധന യൂണിറ്റും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തുടങ്ങുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയും ഡിവിഷന്‍ മെമ്പര്‍ അഡ്വ ആര്‍ബി രാജീവ്കുമാറും അറിയിച്ചു. ഈ പദ്ധതികള്‍ക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 32 ലക്ഷം രൂപയാണു പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. കൊടുമണ്‍ പഞ്ചായത്തിന്റെയും പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും.

നിലവില്‍ കൊടുമണ്ണിലെ കര്‍ഷകര്‍ ‘കൊടുമണ്‍ റൈസ്’ എന്ന പേരില്‍ വിപണിയില്‍ അരി ഇറക്കുന്നുണ്ട്. ജില്ലയില്‍ റൈസ് മില്ലുകള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ നെല്ല് സംഭരിച്ച് കോട്ടയത്ത് കൊണ്ടുപോയാണു സംസ്‌കരിച്ച് അരിയാക്കി മാറ്റുന്നത്. ഇതിനു ഭീമമായ തുകയാണു നെല്‍കര്‍ഷകരുടെ കൂട്ടായ്മയായ ഫാര്‍മേഴ്‌സ് സൊസൈറ്റിക്കു ചെലവാകുന്നത്. നിര്‍ദ്ദിഷ്ട റൈസ് മില്‍ യൂണിറ്റ് യഥാര്‍ഥ്യമാകുന്നതോടെ ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാകും. നിലവില്‍ 100 ടണ്‍ നെല്ലാണു സംഭരിച്ച് അരിയാക്കി വിപണിയില്‍ എത്തിക്കുന്നത്. തനത് വര്‍ഷം 150 ടണ്‍ നെല്ല് സംഭരിച്ച് കഴിഞ്ഞു. സമീപ പഞ്ചായത്തുകളിലെ നെല്‍കര്‍ഷകര്‍ക്കും നിര്‍ദ്ദിഷ്ട റൈസ് മില്‍ പ്രയോജനം ചെയ്യും.

സംസ്‌ക്കരണത്തിനുള്ള സംവിധാനമില്ലാത്തതിനാല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാദേശിക വിളകളായ ചക്കപ്പഴം, വാഴപ്പഴം, ജില്ലാ പഞ്ചായത്തിന്റെ സുഫലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അധികമായി കൃഷി ചെയ്ത് വരുന്ന കിഴങ്ങ് വര്‍ഗങ്ങള്‍, മരച്ചീനി എന്നിവ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മിക്കുകയാണു ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വാഴയുടെയും കിഴങ്ങ് വര്‍ഗങ്ങളുടെയും വിലത്തകര്‍ച്ച നേരിടുന്നതിനും കാര്‍ഷിക വിളകളുടെ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനും പദ്ധതി നടപ്പാക്കുന്നതിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അറിയിച്ചു.

 

Story Highlights: Subhiksha Keralam Project: Rice Mill and Value Added Unit at Kodumon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top