ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-06-2020)

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ്; വിഷയം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും: ആരോഗ്യമന്ത്രി
വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിക്കും. കേന്ദ്ര നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ കൊവിഡ് മരണം 9,000 കടന്നു; 24 മണിക്കൂറിനിടെ 11,929 പോസിറ്റീവ് കേസുകള്‍
രാജ്യത്തെ കൊവിഡ് മരണം 9,000 കടന്നു. മരണസംഖ്യ എണ്ണായിരത്തില്‍ നിന്ന് ഒന്‍പതിനായിരത്തിലേക്ക് എത്തിയത് വെറും മൂന്ന് ദിവസംകൊണ്ടാണ്. 24 മണിക്കൂറിനിടെ 11,929 പോസിറ്റീവ് കേസുകളും 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റദിവസത്തെ റെക്കോര്‍ഡ് വര്‍ധനവാണിത്.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ പിടിമുറുക്കുന്നു
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ പിടിമുറുക്കുന്നു. മഹാരാഷ്ട്രയില്‍ പുതുതായി 3427 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 113 പേര്‍ മരിക്കുകയും ചെയ്തു. രോഗവ്യാപനം രൂക്ഷമായി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.
രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ കൊവിഡ് രൂക്ഷമാകുന്നു
രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ കൊവിഡ് രൂക്ഷമാകുന്നു. പോസിറ്റീവ് കേസുകളുടെ മൂന്നില്‍ രണ്ടും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ 42000 കടന്നു. ഒരു എംഎല്‍എയ്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 241 ആയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here