മലയാള സിനിമാ നിർമ്മാതാക്കളും വിതരണക്കാരും നാളെ കൊച്ചിയിൽ യോഗം ചേരും

മലയാള സിനിമാ നിർമ്മാതാക്കളും വിതരണക്കാരും നാളെ കൊച്ചിയിൽ യോഗം ചേരും. പ്രതിഫല വിഷയത്തിലെ തുടർ നടപടികൾ തീരുമാനിക്കാനാണ് യോഗം. അമ്മ, ഫെഫ്ക സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും നാളെ തീരുമാനമുണ്ടാകും.
താരങ്ങളുടെയും പ്രാധാന സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിർമാതാക്കൾ മുന്നോട്ട് വച്ചിട്ട് ദിവസങ്ങൾ പിന്നിട്ടു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ചർച്ച ചെയ്ത് ശേഷം മാത്രമെ തീരുമാനം കൈക്കൊള്ളാനാകൂ എന്ന നിലപാടിലാണ് താര സംഘടന. ഫെഫ്ക യാകട്ടെ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിട്ടുമുണ്ട്. ഇരു സംഘടനകളും തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതോടെ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം നിർമാതാക്കൾ സ്വീകരിക്കേണ്ടതുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചു കൊണ്ടാണ് നിർമ്മാതാക്കളും വിതരണക്കാരും നാളെ കൊച്ചിയിൽ യോഗം ചേരുന്നത്. അമ്മ, ഫെഫ്ക സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകൾ യോഗത്തിൽ ചർച്ച ചെയ്യും. അതെ സമയം താര സംഘടന യുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾക്ക് അതൃപ്തിയുണ്ട്.
താരങ്ങളും സാങ്കേതിക പ്രവർത്തകരും 25 മുതൽ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്നാണ് നിർമാതാക്കളുടെ താത്പര്യം. തിയറ്ററുകൾ എന്ന് തുറക്കുമെന്നതിൽ വ്യക്തതയില്ല. സാറ്റലൈറ്റ്, ഓവർസീസ് റേറ്റുകളിൽ വലിയ കുറവുണ്ടാകും. സിനിമകൾ റിലീസ് ചെയ്താലും വരുമാനത്തിൽ 50 ശതമാനത്തോളം കുറവ് വരുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ചർച്ചയ്ക്ക് തയാറാണെന്ന് താര സംഘടനയും വ്യക്തമാക്കിയിരുന്നു. എന്നാൽ, ആവശ്യം പരസ്യമായി മുന്നോട്ടുവച്ചതിൽ താരസംഘടന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Story Highlights- producers association meeting tomorrow