അഭിമന്യു വധം: പ്രതി സഹൽ രണ്ടാഴ്ചയിലധികം കൊച്ചിയിൽ ഉണ്ടായിരുന്നു; പ്രതി കോടതിയിലെത്തിയിട്ടും പൊലീസ് അറിഞ്ഞില്ല

അഭിമന്യു വധക്കേസ് പ്രതിയെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായതായി ആരോപണം. മുഖ്യ പ്രതി സഹൽ രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ വീട്ടിൽ ഉണ്ടായിരുന്നു. നെട്ടൂരിലെ വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. രണ്ടാഴ്ച മുൻപ് അന്തർ സംസ്ഥാന പാസ് വാങ്ങിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. പ്രതി കോടതിയിലെത്തിയിട്ടും പൊലീസ് അറിഞ്ഞില്ല.
തമിഴ്‌നാട്ടിലും, കർണാടകയിലും മുൻപ് പ്രതി സഹൽ ഒളിവിൽ താമസിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതി കൊച്ചിയിലേക്ക് വരുന്നത്. ഇന്നലെയാണ് സഹൽ കീഴടങ്ങുന്നത്. പ്രതി ക്യാംപസ് ഫ്രണ്ട് നേതാവാണ്. എറണാകുളം സെഷൻസ് കോടതിയിലാണ് സഹൽ കീഴടങ്ങിയത്.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്. കേസിൽ 26 കാമ്പസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 16 പേർക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.
കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരൽ, മാരകായുധം ഉപയോഗിക്കൽ, ഗൂഢാലോചന തുടങ്ങിയവ ഉൾപ്പെടെ 13 വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
Story Highlights- abhimanyu murder, sahal, kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here