പൊതി
അക്ഷയ് ഗോപിനാഥ്/ കഥ
(ജേര്‍ണലിസം ബിരുദാനന്തര ബിരുദധാരിയാണ് ലേഖകന്‍)
‘കർക്കടകാണ് കറുപ്പിച്ച് കറുപ്പിച്ച് കാർന്ന് തിന്നാളയും’ തിരി താഴ്ത്തിവച്ച വിളക്കിന്റെ മുന്നിൽ ശോഷിച്ച കാൽ കുറുകെ നീട്ടിവച്ച് നാമം ജപിക്കുന്നതിനിടയിലാണ് മുത്തശ്ശി ഇത്രയും കൂടെ പറഞ്ഞുവച്ചത്. ഉമ്മറപ്പടിയിലൂന്നി കയ്യിട്ട് ആട്ടി വിട്ട ഭസ്മക്കൊട്ട കിടന്നാടുന്നുണ്ടായിരുന്നു. ചോറ്റുപാത്രം അടുക്കളയിൽ തരാതെ കുമ്പിട്ട് ഗോവണിപ്പടി കയറുന്നത് കണ്ടിട്ടാവണം നുറുക്കി കൊണ്ടിരുന്ന കാച്ചിൽ മുറത്തിൽ തന്നെയിട്ട് അമ്മയും അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് വന്നത്. നേരെ നോക്കാത്തതോ സ്ഥിരമായി കൊണ്ടേൽപ്പിക്കാറുണ്ടായിരുന്ന ചെറുകടിയടങ്ങിയ പൊതിയോ കാണാത്തതുമാകാം കാരണം.
നാമജപം കഴിഞ്ഞ് ഒരാവർത്തികൂടെ ആരാണ്ടൊക്കെയോ നീട്ടിവിളിച്ച് എഴുന്നേൽക്കാൻ തുനിഞ്ഞ മുത്തശ്ശിയെ താങ്ങിപ്പിടിച്ച് ഉമ്മറപ്പടിമേൽ ഒരു നിമിഷം ആലോചിച്ചു നിന്നാണ് അമ്മ പുറം തിരിഞ്ഞ് അടുക്കളപ്പുറത്തേക്ക് നടന്നു തുടങ്ങിയത്.
നേരെ നോക്കാൻ പോയിട്ട് തലയുയർത്താൻ കൂടെ പറ്റാവുന്ന അവസ്ഥയിലായിരുന്നില്ല.
പെങ്ങളൊരുത്തിയുണ്ടായിരുന്നതിനെ കെട്ടിച്ചുവിട്ടിട്ട് അധികം കാലമായിട്ടില്ല. മുറ്റരമ്പിലൂടെ ടോർച്ചടിച്ച് പോണവന്മാരുടെ കണ്ണ് ഉമ്മറത്തും ശേഷം കൊളുത്തില്ലാത്ത ജനാലയ്ക്കരികിലും എത്തിയപ്പോളായിരുന്നു പ്രായമായെന്ന് താനും സ്വതവെ മെല്ലെപ്പോക്കുകാരിയായ അമ്മയും വയസ്സായെന്ന് തീർച്ചപ്പെടുത്തിയത്. അതുവരെയും അടുക്കളപ്പുറത്തും അമ്മിക്കല്ലിന്റെ ചുവട്ടിലുമായിരുന്ന് മുത്തശ്ശി പറഞ്ഞത് ചെവി കൊള്ളാറില്ലായിരുന്നു.
നാടൊട്ടുക്ക് വിളിച്ചില്ലെങ്കിലും താഴ്ന്ന തോളിലൂന്നി മുട്ടില്ലാണ്ട് കല്യാണം കഴിപ്പിച്ചയച്ചു. വിളിച്ചിട്ടും വിളിക്കാതെയും വന്നവരാകട്ടെ ചായ്പ്പിലെ ഓടിളകിയതിന്റെയും മതിലിൽ പൂശിയ കറുത്ത ചായത്തിന്റെ കട്ടി കുറഞ്ഞതിനെപ്പറ്റിയും കൃത്യമായി പറഞ്ഞു കേൾപ്പിച്ചിരുന്നു. ഇപ്പോ ഒരാഴ്ചയായി പെങ്ങൾ വീട്ടിലുണ്ട്. കാലത്ത് മുറ്റമടിയും ചോറൂറ്റലും അങ്ങനെ അല്ലറ ചില്ലറ പരിപാടികളും നടന്നു പോകുന്നത് കൊണ്ടാവണം അമ്മ അതിന്റെ കാര്യ കാരണം ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നില്ല. മീൻ വിൽക്കാൻ വരുന്ന കാക്ക വഴി അങ്ങാടിയിലെ പലചരക്കുകാരൻ പറഞ്ഞാണ് അറിയുന്നത്. പണ്ടം കുറച്ച് കൊടുത്തേൽപ്പിക്കാനുണ്ടായിരുന്നു.
അടുപ്പിനടുത്ത് മുൻപെപ്പോഴോ കാച്ചിവച്ച വെളിച്ചെണ്ണ ചൂടുകൊള്ളിച്ച് ഉരുക്കുന്നതിനിടെയാണ് മുത്തശ്ശി കാര്യമായി അടുത്തു വന്നു പറഞ്ഞത് ‘മോനേ, കെട്ടിച്ചുവിട്ട പെണ്ണുങ്ങൾ സ്വന്തം പൊരേൽ വന്ന് നിന്നൂടാ, ലക്ഷണക്കേടാ !’
വേറെന്തോ കൂടെ പറയണമെന്നുണ്ടായിരുന്നെന്ന് തോന്നുന്നു. അതിന് കൂട്ടാക്കാതെ തിരിഞ്ഞു നടന്നു പോയി.
മൂന്നാലു ദിവസമായി ഓഫീസിൽ കയറി ഇറങ്ങിയ, ആകെ മൊത്തം സ്വർണ്ണത്തിൽ കുളിച്ച ഒരു പണച്ചാക്കിനെന്തോ സാധിക്കാനുണ്ടായിരുന്നു. മോളീന്ന് പല തവണ വിളിച്ചു പറഞ്ഞു. വേണ്ടപ്പെട്ട കക്ഷിയാണെന്ന് ! പേപ്പർ വർക്ക് പെട്ടെന്ന് തീർത്തു കൊടുത്തപ്പോൾ സിൽക്കിന്റെ ജുബ്ബയുടെ വയറ്റിൽ നിന്ന് ഒരു പൊതിയെടുത്ത് കയ്യിൽ പിടിപ്പിച്ചു.
വാങ്ങാതെ ഒരു കല്ല് മുകളിലെ ചില്ലുകൂട്ടിൽ പ്രതിഷ്ഠിച്ച സാറിനെ നോക്കി. ഇതിലും കട്ടി കൂടിയ പൊതി തുറക്കാൻ പാടുപെടുകയായിരുന്ന അയാൾ കണ്ണടച്ച് മാത്രം കാണിച്ചു.
പിറ്റേന്ന് തൊട്ടപ്പുറത്തെ സീറ്റിലിരിക്കുന്ന അടുത്തിടെ കല്യാണം കഴിഞ്ഞ ശ്രീമതിയാണ് ആരുമറിയാണ്ട് കൈപറ്റിയ ‘സമ്മാന’ത്തിന്റെ കാര്യം പാട്ടായെന്ന് പറഞ്ഞത്. ഫോണിലുമുണ്ടത്രേ. ഇന്നലെ കണ്ണടച്ച് കാണിച്ച മേലുദ്യോഗസ്ഥൻ കൈ ഞൊടിച്ച് അയാളുടെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു. ‘മടക്കിന്റെ കട്ടി കുറഞ്ഞ ഏതോ ഒരുത്തൻ ഒറ്റിയതാണ്. അന്വേഷണം ഉണ്ടാവും. അത് അതിന്റെ വഴിക്ക് നീങ്ങും. തത്ക്കാലം ഇന്ന് ലീവെടുക്ക് ‘ ക്യാബിനിൽ നിന്നിറങ്ങി തിരിച്ച് വീതികുറഞ്ഞ ആ വരാന്തയിലൂടെ നടക്കുമ്പോൾ ഉടുമുണ്ടുരിഞ്ഞ് തലയിലിട്ടാലോ എന്ന് തോന്നിയതാണ്. കണ്ണിലാകെ ഇരുട്ട് കയറിയിരുന്നു. ഇതുവരെ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. കൈ നീട്ടാൻ തോന്നിയിരുന്നെങ്കിലും നീട്ടി വാങ്ങിയിരുന്നില്ല. അപരാധിയായി, ചീത്തപ്പേരുമായി. അതിന് നല്ലൊരു പേര് ഉണ്ടായിരുന്നോ ?? ബാധ്യതകളാണ്…
മുറിയിൽ ഫുൾ സ്പീഡിൽ ഫാനിന്റെ അടിയിലിരുന്നിട്ടും വിയർപ്പൊട്ടും കുറഞ്ഞില്ല. തല ഉയർത്തി നോക്കിയത് ചുവരിലെ അച്ഛന്റെ ഫോട്ടോയിലേക്കായിപ്പോയി. അറിയാതെ തന്നെ കൈ കട്ടിലിന്റെ ഒരു വശത്ത് കിടക്കയ്ക്കരികിൽ ഭദ്രമായിവച്ച പൊതിയിലേക്ക് നീണ്ടു. നോട്ടുകളത്രെയും നാശമായി കിടക്കുന്നതാണ് കണ്ടത്. അത് പൂത്ത് തുടങ്ങിയിരുന്നു… മാന്തിപ്പൊളിച്ച് ഗോവണിപ്പടിയിലേക്കെറിഞ്ഞു. പടിയ്ക്കറ്റത്ത് കാറ്റിലാടി പെങ്ങൾ നിൽക്കുന്നത് കണ്ടു. കയ്യിൽ പൊട്ടിച്ച താലിയുമുണ്ടായിരുന്നു. താലി ഒരു കുരുക്കെന്നോണം കഴുത്തിലേക്കു നീണ്ടു. ബോധം മറയും മുമ്പേ മേലുദ്യോഗസ്ഥന്റെയും സ്വർണ്ണപ്പല്ലുവച്ച ആ പണച്ചാക്കിന്റെയും വിടർന്ന മുഖം കണ്ടു. അവർ ചിരിക്കുന്നുണ്ടായിരുന്നു. അമർത്തിപ്പിടച്ചല്ല, ഉറക്കെ ഉറക്കെ…
story highlights- Story, Pothi, Akshai Gopinath, Readers Blog
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here