Advertisement

ദി ‘4’വിമൺ ഫോർഎവർ; പാട്ടിന്റെ ‘അനുപല്ലവി’

June 21, 2020
Google News 5 minutes Read

രതി വി. കെ

ഇന്ന് ലോക സംഗീത ദിനം…

സ്‌കൂൾ കാലത്ത് തുടങ്ങിയ സൗഹൃദം വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും ചേർത്തുവച്ചിരിക്കുകയാണ്, കഥ പറയാനും കളി പറയാനും മാത്രമല്ല സംഗീതത്തിനും കൂടി വേണ്ടി. നാല് പെൺസുഹൃത്തുക്കൾ ചേർന്നപ്പോൾ അവിടെ ‘അനുപല്ലവി’ പിറന്നു. പാട്ടിന് പുതിയ രാഗവും ഭാവവും നൽകി. സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന ആ കൂട്ടുകാർ തിരക്കുകൾക്കിടയിലും പാട്ടിന്റെ പുത്തൻ വാതായനങ്ങൾ തേടി. കഴിഞ്ഞ വർഷം മാതൃദിനത്തിൽ ആദ്യമായി ഒരു മ്യൂസിക് ആൽബം പുറത്തിറക്കി. ഒരു വർഷമിപ്പുറം ലോക സംഗീത ദിനത്തിൽ പാട്ടിനെ നെഞ്ചേറ്റുന്നവർക്കായി മറ്റൊരു സംഗീത ആൽബവുമായി അവർ വീണ്ടും എത്തിയിരിക്കുകയാണ്.

ആ നാല് കൂട്ടുകാർ…

കോഴിക്കോട് ചേവായൂർ പ്രസന്റേഷൻ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്ന ദീപ്തി, ഗായത്രി, രശ്മി, ശ്രീലക്ഷ്മി, ഇവരാണ് ആ നാല് സുഹൃത്തുക്കൾ. ഡിവിഷൻ വേറെ ആയിരുന്നുവെങ്കിലും പാട്ടിന്റെ കാര്യത്തിൽ അവർക്ക് ഒറ്റ മനസായിരുന്നു. യൂത്ത് ഫെസ്റ്റിവല്ലിലും സംഗീത രംഗത്ത് അവർ തിളങ്ങി. പത്താംക്ലാസ് കഴിഞ്ഞ് ശ്രീലക്ഷ്മി ഒഴികെ ബാക്കി മൂന്ന് പേരും പ്ലസ് ടുവിനും ഒരുമിച്ചായിരുന്നു. അതിന് ശേഷം അവരും വഴിപിരിഞ്ഞു. പിന്നെ മാസത്തിൽ ഒരിക്കൽ വിശേഷങ്ങൾ പറയാൻ വിളിക്കും. കാലം പിന്നെയും അവരെ അകറ്റി.

പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി കഴിയുന്നതിനിടെയാണ് വാട്സ്ആപ്പിലൂടെ കൂട്ടുകാർ വീണ്ടും അടുക്കുന്നത്. പാട്ടിനും വിശേഷങ്ങൾ പങ്കിടുന്നതിനുമായി വാട്‌സ്ആപ്പിൽ ഗ്രൂപ്പുണ്ടാക്കി. പലരും പല സ്ഥലങ്ങളിൽ ആയതുകൊണ്ട് കാണാനുള്ള അവസരം വിരളമായിരുന്നു. സ്മ്യൂളിന്റെ കടന്നുവരവോടെ വെർച്വലി വിവിധയിടങ്ങളിൽ നിന്ന് പാടാനുളള സാധ്യത തെളിഞ്ഞു. പാട്ടിന് മികച്ച അഭിപ്രായങ്ങൾ വന്നതോടെ ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചു.

അനുപല്ലവിയുടെ പിറവി…

നാൽവർ സംഘത്തിന്റെ ഫേസ്ബുക്ക് പേജാണ് ‘അനുപല്ലവി’. പാട്ടിന്റെ സൗഹൃദക്കൂട്ടായ്മയ്ക്ക് നൽകിയ ഉചിതമായ പേര്. നാല് വർഷം മുൻപായിരുന്നു അനുപല്ലവിയുടെ പിറവി. സ്‌കൂളിൽ ആലപിച്ച ഗാനങ്ങളും വീഡിയോകളുമാണ് പേജിലൂടെ ആദ്യം പങ്കുവച്ചത്. ഫോളോവേഴ്സ് കൂടിയതോടെ മുന്നോട്ടുപോകാൻ ധൈര്യമായി.

ആദ്യ മ്യൂസിക് വീഡിയോ; ജനിയിലേക്ക്…

നാൽവർ സംഘത്തിന്റെ ആദ്യ സ്വതന്ത്ര സംഗീത സംരഭമാണ് ജനി എന്ന മ്യൂസിക് വീഡിയോ. കഴിഞ്ഞ വർഷം മാതൃദിനത്തിലാണ് ജനി പുറത്തിറക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്യുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ ആധാരമാക്കിയായിരുന്നു മ്യൂസിക് ആൽബം ഒരുക്കിയത്. ജനിയുടെ ആദ്യ സിഡി ഏറ്റു വാങ്ങി പ്രകാശനം ചെയ്തത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയായിരുന്നു.

ജനിയുടെ വാർഷികത്തിൽ ഊർമിള; പക്ഷേ…?

ജനിക്ക് ശേഷം ഇനി എന്ത് എന്ന ചോദ്യം നാൽവർ സംഘത്തിനിടയിൽ ഉയർന്നു. ഊർമിള ആയിരുന്നില്ല ആദ്യം ഉദ്ദേശിച്ചിരുന്നത്. ചില പാട്ടുകൾ കംപോസ് ചെയ്തെങ്കിലും ഒടുവിൽ ഊർമിളയിൽ എത്തുകയായിരുന്നു.ആഗ്രഹങ്ങൾ നിഷേധിക്കപ്പെട്ട സഹനത്തിന്റെ പ്രതീകമായ ഇതിഹാസ കഥാപാത്രമായ ഊർമിളയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച ഒരു കഥാപാത്രവും ആ കഥാപാത്രത്തിനെ ചുറ്റിപ്പറ്റി നടക്കുന്ന ചെറിയ ഒരു സംഭവവും ജോഗ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു മനോഹര പ്രണയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മ്യൂസിക് ആൽബം ചിത്രീകരിച്ചിരിക്കുന്നത്.

ദൃഷ്യാവിഷ്‌കാരതിൽ പ്രണയ ശകലങ്ങൾ ഉണ്ടെങ്കിലും സാധാരണയിൽ നിന്ന് മാറി മറ്റൊരു വീക്ഷണ കോണിൽ കൂടി ബന്ധങ്ങളെ നോക്കി കാണാൻ ശ്രമിച്ചിരിക്കുന്നു തിരക്കഥാകൃത്ത്. സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയയായ ദേശീയ അവാർഡ് ജേതാവ് സാവിത്രി ശ്രീധരൻ ആണ് ഊർമിളയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സസ്‌ന ബാബു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആദ്യമായാണ് സാവിത്രി ശ്രീധരൻ ഒരു മ്യൂസിക് ആൽബത്തിൽ അഭിനയിക്കുന്നത്. കഥ എഴുതാൻ പ്രചോദനം തേടിയെത്തുന്ന ഒരു യുവതി വളരെ അപ്രതീക്ഷിതമായി ഒരു കഥ കണ്ടെത്തുന്നതാണ് ഊർമിളയുടെ ഇതിവൃത്തം.

ശ്രീലക്ഷ്മി ചന്ദ്രന്റെ വരികൾക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് രശ്മി അരവിന്ദാക്ഷൻ ആണ്. കീബോർഡ് കൈകാര്യം ചെയ്തത് ഷാജു വാടിയിൽ. ഹൃദയ് ഗോസ്വാമിയാണ് ഓഡിയോ സംയോജനം നിർവഹിച്ചിരിക്കുന്നത്. ദീപ്തി വിജയൻ ആൽബത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗായത്രി ജയകുമാറിന്റെ തിരക്കഥ ആസ്പദമാക്കി അജയ് ഗോവിന്ദ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നു. ഊർമിളക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് രാഹുൽ സി രാജും എഡിറ്റിംഗ് ചെയ്തത് കൃഷ്ണപ്രദാസുമാണ്. അനുപല്ലവിയും സിസിഫസ് റോക്‌സ് ഫിലിംസും സംയുക്തമായാണ് ഊർമിള നിർമ്മിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഷൂട്ട് ചെയ്ത ഊർമിള, ജനിയുടെ വാർഷിക ദിനത്തിൽ ഇറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ കൊവിഡ് തിരിച്ചടിയായി. എഡിറ്റിംഗിനും മറ്റും സ്റ്റുഡിയോ ലഭിക്കാതായി. മെയ് മാസം കഴിഞ്ഞാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. ജനിയുടെ ഒന്നാം വാർഷികത്തിനല്ലാതെ മറ്റേത് ദിവസം എന്ന് ആലോചിച്ചപ്പോഴാണ് സംഗീത ദിനത്തിൽ ആൽബം പുറത്തിറക്കാമെന്ന് തീരുമാനിച്ചത്.

കോഴിക്കോട് സ്വദേശികളായ നാൽവർസംഘം നിലവിൽ നാല് സ്ഥലങ്ങളിലാണ് ഉള്ളത്. രശ്മി ചേവായൂരിൽ ഡോക്ടറായി ജോലി നോക്കുന്നു. ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയറാണ് ദീപ്തി. ഗായത്രി അമേരിക്കയിൽ സ്ട്രാറ്റജിക് മാനേജരാണ്. പൂനയിൽ ഓൺലൈൻ ക്ലാസുകളുമായി തിരക്കിലാണ് അധ്യാപികയായ ശ്രീലക്ഷ്മി.

Read Also: ‘അതിഥി ദേവോ ഭവ’; ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരുക്കിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു

Story Highlights- World Music Day, Anupallavi, Urmila, Jani, Four friends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here