Advertisement

ഒത്തുകളി ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; പിന്തുണച്ച് ഇമ്രാൻ ഖാൻ

June 23, 2020
Google News 1 minute Read
PCB Criminalise Match-Fixing

ഒത്തുകളി ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നീക്കത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പിസിബി ചെയർമാൻ ഇഹ്സാൻ മാനി പറഞ്ഞു. നിലവിലെ നിയമം അനുസരിച്ച് ഒത്തുകളി റിപ്പോർട്ട് ചെയ്താൽ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനോ ബന്ധപ്പെട്ട അധികാരികളോട് കാര്യങ്ങൾ അന്വേഷിക്കാനോ പിസിബിക്ക് അനുവാദമില്ല. ഇത് മാറ്റാനാണ് പിസിബിയുടെ ശ്രമം.

Read Also: വസീം അക്രം ഒത്തുകളിക്കാൻ പ്രേരിപ്പിച്ചിരുന്നു; ആരോപണവുമായി മുൻ പാക് താരം

പല കാലഘട്ടങ്ങളിലായി പാക് താരങ്ങൾ ഒത്തുകളിച്ചതായി തെളിഞ്ഞിരുന്നു. സൽമാൻ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിർ, ഡാനിഷ് കനേരിയ, ഉമർ അക്മൽ തുടങ്ങി ഒട്ടേറെ പാക് താരങ്ങൾ ഒത്തു കളിയിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മുൻ പാകിസ്താൻ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന വസീം അക്രം തന്നെ ഒത്തു കളിക്കാൻ പ്രേരിപ്പിച്ചു എന്ന് മുൻ താരം ആക്വിബ് ജാവേദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. താൻ ഒത്തുകളിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് അക്രം ടീമിൽ നിന്ന് തന്നെ പുറത്താക്കിയിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് താൻ ഉള്ളിടത്തോളം ദേശീയ ടീമിൽ എന്നെ കളിപ്പിക്കില്ലെന്ന് അക്രം പറഞ്ഞു എന്നും ആക്വിബ് പറയുന്നു.

Read Also: ഏഴ് പാക് താരങ്ങൾക്ക് കൂടി കൊവിഡ്; ഇംഗ്ലണ്ട് പര്യടനം സംശയത്തിൽ

1998ലാണ് പാക് ക്രിക്കറ്റിൽ വാതുവെപ്പ് വലിയ കോലാഹലം സൃഷ്ടിച്ചത്. പാക് താരങ്ങൾക്ക് താൻ പണം വാഗ്ദാനം ചെയ്തിരുന്നതായി സലീം പര്‍വേസ് കുറ്റസമ്മതം നടത്തിയിരുന്നു. 98ൽ വിവാദം പുറത്തുവന്നതിനു ശേഷം ആക്വിബ് ജാവേദ് പാക് ടീമിൽ കളിച്ചിട്ടില്ല. പുതിയ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം മുഹമ്മദ് ആസിഫ് മുൻപ് രംഗത്തെത്തിയിരുന്നു. തനിക്ക് മുൻപും ശേഷവും ഉള്ളവർ ഒത്തുകളിച്ചിട്ടുണ്ടെന്നും അവരിൽ പലരും ഇപ്പോഴും ക്രിക്കറ്റ് ബോർഡിൽ ഉണ്ടെന്നുമാണ് ആസിഫ് വെളിപ്പെടുത്തിയത്.

Story Highlights: PCB To Criminalise Match-Fixing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here