Advertisement

സുന്നത്ത് കല്ല്യാണം

June 24, 2020
Google News 4 minutes Read
sunnath kallyanam

ബാസിത്ത് ബിൻ ബുഷ്‌റ/ അനുഭവക്കുറിപ്പ്

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ

എനിക്കന്ന് ഏഴ് വയസ്. അഞ്ച് കൊല്ലം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം വാപ്പ നാട്ടിൽ വന്നിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. അപ്പോഴാണ് വീട്ടുകാർക്കിടയിൽ ഒരു ആഗോള പ്രശ്‌നമുണ്ടാവുന്നത്. എന്റെ സുന്നത്ത് കഴിഞ്ഞിട്ടില്ല! കാര്യങ്ങൾ വെടിയും തീയും പോലെ നടന്നു. മുറിക്കാൻ ഒസാനെ വിളിച്ചു. വാപ്പ വന്നതിന് ശേഷം ആദ്യമായി നടക്കുന്ന ചടങ്ങായതുകൊണ്ട് ആഘോഷമാക്കി നടത്താൻ തീരുമാനിച്ചു. നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും വിളിച്ചു. മുസ്ലിയാർ മാമ നേതൃത്വം നൽകുന്ന ഒരു സംഘം ഘടാഘടിയന്മാർ റാത്തീബ് നടത്താമെന്നും ഏറ്റു.

വീട്ടിൽ നിറയെ ആൾക്കാർ. മുറ്റത്ത് പന്തൽ. അടുപ്പിൽ തേങ്ങാച്ചോറും പോത്ത് കറിയും വേവുന്നു. എന്റെ നെഞ്ചിലും എന്തൊക്കെയോ വേവുന്നു.

അപ്പുറത്തെ മുറിയിൽ നിന്ന് പതിഞ്ഞ താളത്തിൽ റാത്തീബ് കേൾക്കാം. ഒസാൻ എന്റെ കയ്യിൽ ഒരു ഗുളിക തന്നിട്ട് അത് കഴിക്കാൻ പറഞ്ഞു. ‘വേണേപ്പോയി ഒന്ന് മൊള്ളിക്കോ’ എന്നൊരുപദേശവും കിട്ടി.

‘പടച്ചോനേ, ഇനി മൊള്ളാൻ സാധനം കാണൂലേ?’

എന്റെ നെഞ്ച് പിടച്ചു. അന്ന് മൂത്രമൊഴിക്കാൻ മാത്രമായിരുന്നല്ലോ അത് ഉപയോഗിച്ചിരുന്നത്. പണി പാളി എന്നു തോന്നി മനസില്ലാ മനസോടെ ഗുളികയും കഴിച്ച് മൂത്രമൊഴിക്കാൻ കക്കൂസിലേക്ക് പോയി. ശൗചാലയം വീടിന് പുറത്തായിരുന്നു. അടുക്കള വഴിയാണ് ഞാൻ പോയത്. അവിടെ ഇറച്ചിക്കറി വെട്ടിത്തിളയ്ക്കുന്നു. കൂടെ നിൽക്കുന്ന പെണ്ണുങ്ങളിലൊരാൾ പാത്രത്തിൽ സ്പൂണിട്ടിളക്കി ഒരു നുള്ള് ചാറ് ഉള്ളം കയ്യിലേക്ക് വച്ച് സ്വാദ് നോക്കുകയാണ്.

‘ഉം, ഉപ്പ് കൊറവാ!’

എനിക്കവരെ അടുപ്പിൽ നിന്ന് കനൽ വലിച്ചൂരി അതുകൊണ്ട് കുത്തിക്കൊല്ലാൻ തോന്നി. മനുഷ്യനിവിടെ ജീവന്മരണ പോരാട്ടം നടത്തുമ്പഴാണ് അവൾടെയൊരു ഉപ്പ്! കോപ്പ്!

മൂത്രമൊഴിച്ചു കഴിഞ്ഞ് ഞാൻ നന്നായി ഒന്ന് നോക്കി. ഇനി കാണാൻ പറ്റിയില്ലെങ്കിലോ എന്നായിരുന്നു എന്റെ പേടി. കുറച്ചേ മുറിയ്ക്കൂ എന്നൊക്കെ ഞാൻ കേട്ടിരുന്നെങ്കിലും എനിക്കത്ര ഉറപ്പ് തോന്നിയില്ല. നോക്കിക്കൊതി തീർത്ത് കൊണ്ടിരുന്നപ്പോ ഉമ്മയുടെ വിളി, ഇറങ്ങിപ്പോവാൻ. പടച്ച റബ്ബേ, പെട്ടു! സ്വന്തമായിട്ട് ഒരുമ്മ കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ അന്നതും ചെയ്‌തേനെ. മനുഷ്യന്റെ ഓരോരോ പരിമിതികളേ!

റാത്തീബ് നടക്കുന്നതിന് തൊട്ടടുത്തുള്ള മുറിയിലാണ് മുറിക്കൽ മഹാമഹം നടക്കുന്നത്. ഒരു ഉരൽ മുറിയിലുണ്ട്. ഒസാൻ മഞ്ഞപ്പല്ലുകൾ മുഴുവൻ കാണിച്ച് ഒന്നു ചിരിച്ചു.

‘മൊള്ളിയോ?’

‘ആം’

ഞാൻ മുരണ്ടു.

‘എന്നാ കേറിയിരുന്നോ’

മുറിയിൽ, എനിക്ക് പിന്നിൽ നിലയുറപ്പിച്ച രണ്ടു പേർ എന്നെ ഉരലിലേക്ക് പിടിച്ചിരുത്തി. ഈ രണ്ടു പേരിലൊരാൾ എന്റെ കൊച്ചാപ്പയും മറ്റൊരാൾ എന്റെ മൂത്താപ്പയും ആയിരുന്നു. അപ്പുറത്ത് നിന്ന് റാത്തീബ്. ഭയവിഹ്വലമായ നിമിഷങ്ങൾ. കത്രികയാണോ കത്തിയാണോ എന്നോർമയില്ല, മുറിക്കാനുള്ള ആയുധവുമായി ഒസാൻ കുനിഞ്ഞു. അപ്പോൾ തന്നെ എന്റെ കൈ ഒരാൾ പിന്നിലേക്ക് പിടിച്ചു. ഞാൻ കുതറാൻ നോക്കി. ഫലിച്ചില്ല. പെട്ടെന്ന് റാത്തീബ് ഉച്ഛസ്ഥായിലായി.

‘ലാ ഇലാഹ ഇല്ലള്ളാ…’

പെട്ടെന്ന് മറ്റേ ആൾ എന്റെ കണ്ണും പൊത്തി. ഒരു വശത്ത് ചെവി പൊട്ടുന്ന റാത്തീബ്. മറു വശത്ത് ജനനേന്ദ്രിയം മുറിച്ചു കളയാൻ നിക്കുന്ന ഒസാൻ. ചലിക്കാൻ വയ്യ. ഒന്നും കാണാനും വയ്യ. ഭീതിപ്പെടുത്തുന്ന അവസ്ഥ. ഇതിനിടയിലെപ്പോഴോ തുടയിടുക്കിൽ ഒരു. വേദന. ഞൊടിയിട കൊണ്ട് എന്റെ കണ്ണിൽ നിന്ന് കൈ മാറി. ഞാൻ ആദ്യം നോക്കിയത് എത്രത്തോളം മുറിച്ചെടുത്തിട്ടുണ്ടെന്നായിരുന്നു. മുറിക്കുമ്പോ മൊത്തം ഇരുട്ടായിരുന്നല്ലോ. നോക്കിയിട്ടും അറിയാൻ പറ്റിയില്ല. വെള്ളത്തുണിക്കെട്ട്. ഈ ടൈമിൽ റാത്തീബ് ഉറക്കെച്ചൊല്ലുന്നത് നിലവിളിച്ചാൽ പുറത്ത് കേൾക്കാതിരിക്കാനാണ്, നോട്ട് ദ പോയിന്റ്.

സംഭവം പൊളിയായിരുന്നു. വാച്ച്, കാശ്, മൊട്ട, പാല്, നേന്ത്രപ്പഴം. ഞാനങ്ങ് കൊഴുത്തു. കസിൻ ബ്രദേഴ്‌സ് ഒക്കെ വന്നാൽ അവന്മാരുടെ ആദ്യത്തെ പണി മുണ്ട് പൊക്കി നോക്കലായിരുന്നു. ‘സാധനം പൊറുത്തോന്ന് നോക്കാനാ’ എന്നൊരു മുടന്തൻ ന്യായവും. സാധനം പൊറുത്തില്ല, പകരം പഴുത്തു. പിന്നെ അതൊരു ചടങ്ങായി. അതും തൂക്കിക്കൊണ്ട് നടക്കാൻ നല്ല പാടായിരുന്നു. ഗുളികപ്പൊടി, ഓയിൻമെന്റ്, ചൂടുവെള്ളം, കെട്ട് അങ്ങനെയങ്ങനെ ദിവസം ശറഫറാ കടന്ന് പോയി. ഒസാൻ ഇടക്കൊക്കെ സാധനത്തിന്റെ ‘പുരോഗമനം’ നോക്കാൻ വരുമായിരുന്നു. വരും, തുണി പോക്കി നോക്കും, ‘ങാ, പൊറുക്കുന്നുണ്ട്. പിന്നെ വരാം’, പോകും.

ഏതാണ്ടൊക്കെ പൊറുത്ത് സാധനത്തിന്റെ ഭാരമൊക്കെ കുറഞ്ഞ ഒരു ദിവസം പതിവു പോലെ ഒസാൻ വന്നു. ഞാൻ തിണ്ണയിൽ, കസേരയിൽ ഇരിക്കുകയായിരുന്നു.

‘പൊറുത്തോടാ?’

മുറ്റത്ത് നിന്നാണ് ചോദ്യം. ഞാൻ അവിടെ നിന്നു തന്നെ തുണി പൊക്കിക്കാണിച്ചു.

‘ങാ, പൊറുക്കുന്നുണ്ട്’

അയാൾ പിന്നെ വീട്ടിൽ വന്നിട്ടില്ല. ഈ തുണി പൊക്കിക്കാണിക്കൽ എന്റെ അയൽവാസിയും കളിത്തോഴിയുമായിരുന്ന നാസില കാണുന്നുണ്ടായിരുന്നു. ഒസാൻ എന്തായാലും കണ്ട് കഴിഞ്ഞു, പിന്നെയെന്തിനൊളിക്കണം എന്ന ചിന്തയിലാണ് ഞാൻ അയാളെ കാണിച്ചത്. പക്ഷേ, ഫ്രെയിമിൽ ഇവൾ ഉള്ള കാര്യം ഞാൻ കണ്ടില്ല. പ്രദർശനം നടക്കുന്നതിനിടെയാണ് അവളുടെ ചുളിഞ്ഞ മുഖം എന്റെ ശ്രദ്ധയിൽ പെടുന്നത്.

പിന്നെ, എപ്പോ അവളെ കണ്ടാലും ഒരു ചളുപ്പായിരുന്നു, രണ്ട് പേർക്കും.

Story highlights- Life Story, Sunnath Kalyanam, Basit bin bushra, Readers Blog

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here