Advertisement

1983ന് ഇന്ന് 37 വയസ്സ്; ആദ്യ ലോകകപ്പ് ഓർമയിൽ ഇന്ത്യ

June 25, 2020
Google News 2 minutes Read
1983 world cup anniversary

37 വർഷം മുൻപ് ഇതേ ദിവസമാണ് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകത്തിൻ്റെ നെറുകയിൽ എത്തിയത്. അണ്ടർഡോഗ്സ് എന്ന വിശേഷണത്തിൽ നിന്ന് അക്കൊല്ലത്തെ ലോകജേതാക്കളായി ലോർഡ്സ് ബാൽക്കണിയിൽ പ്രുഡൻഷ്യൽ കപ്പ് ഉയർത്തി നിൽക്കുന്ന കപിൽ ദേവ് രജിസ്റ്റർ ചെയ്തത് ഇന്ത്യൻ ജനതയുടെ തന്നെ പുതിയ ഉണർത്തുപാട്ടായിരുന്നു.

ഇന്ത്യ ഫൈനലിലേക്കെത്തിയത് പോലും പലരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു. 79ൽ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനക്കാരായി പുറത്തായ ഇന്ത്യ 83ൽ ക്യാമ്പയിൻ തുടങ്ങുന്നത് തന്നെ വെസ്റ്റ് ഇൻഡീസിനെ തറപറ്റിച്ചു കൊണ്ടായിരുന്നു. വിവിയൻ റിച്ചാർഡ്സും മൈക്കൽ ഹോൾഡിംഗും അടങ്ങുന്ന ബ്രൂട്ടൽ വിൻഡീസിന് ആദ്യം തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകി. 34 റൺസിന് രണ്ട് തവണ ലോക ചാമ്പ്യന്മാരായ വിൻഡീസിനെ തകർത്ത ഇന്ത്യ അടുത്ത മത്സരത്തിൽ സിംബാബ്‌വെയെ 5 വിക്കറ്റിനു തറപറ്റിച്ചു. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ ഞെട്ടിച്ചു. 162 റൺസിനാണ് ഇന്ത്യ ഓസീസിനോട് അടിയറവ് പറഞ്ഞത്. അടുത്ത ഊഴം വെസ്റ്റ് ഇൻഡീസിൻ്റേതായിരുന്നു. രണ്ടാം പാദത്തിൽ വിൻഡീസ് തിരിച്ചടിച്ചു. വിവിയൻ റിച്ചാർഡ്സ് എന്ന വന്യസൗന്ദര്യം സെഞ്ചുറിയടിച്ച മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടത് 66 റൺസിന്. അടുത്ത മത്സരത്തിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 31 റൺസ് ജയം. ആ മത്സരത്തിലാണ് വൺ ഓഫ് ദി ബെസ്റ്റ് എന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്ന ഏകദിന ഇന്നിംഗ്സ് പിറന്നത്. ക്യാപ്റ്റൻ കപിൽ ദേവ് ഒറ്റക്ക് നിന്ന് ഇന്ത്യയെ രക്ഷിച്ച ദിവസം. 9-4, 17-5, 78-7 എന്നിങ്ങനെ ഇന്ത്യൻ ബാറ്റിംഗ് നിര അവിശ്വസനീയമായി തകർന്നടിഞ്ഞപ്പോൾ ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന തന്ത്രം നടപ്പാക്കിയ കപിൽ ഇന്ത്യയെ 266-8 എന്ന സ്കോറിലെത്തിച്ചു. 8ആം വിക്കറ്റിൽ മദൻ ലാലുമായും 9ആം വിക്കറ്റിൽ സയ്യിദ് കിർമാനിയുമായും കപിൽ മികച്ച കൂട്ടുകെട്ടുയർത്തി. 138 പന്തുകളിൽ 175 റൺസെടുത്ത് അപ്പോഴും കപിൽ ക്രീസിലുണ്ടായിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയെ 115 റൺസിനു കെട്ടുകെട്ടിച്ച ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടി.

Read Also: 2011 ലോകകപ്പ് ഒത്തുകളിയെന്ന ആരോപണം; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ഓൾഡ് ട്രാഫോർഡിൽ നടന്ന സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 6 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മുൻ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടിനെതിരെ നേടിയ ജയം, ഫൈനലിലെത്തുമ്പോൾ ഇന്ത്യക്ക് മാനസികമായി കരുത്ത് നൽകിയിരുന്നു. മറുവശത്ത് പാകിസ്താനെ 8 വിക്കറ്റിനു തറപറ്റിച്ച് വെസ്റ്റ് ഇൻഡീസും കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു.

ജൂൺ 25 1983. ക്രിക്കറ്റിൻ്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്സിൽ ഇത്തിരിക്കുഞ്ഞന്മാരും അതികായരും തമ്മിൽ ഒരു ലോകകപ്പ് കലാശപ്പോര്. ടീം കരുത്ത് പരിഗണിച്ചാൽ വെസ്റ്റ് ഇൻഡീസ് തുടർച്ചയായ മൂന്നാം കിരീടം ഉറപ്പിച്ചു. ഇന്ത്യയുടെ ഇന്നിംഗ്സ് അങ്ങനെ തന്നെയാണ് അവസാനിച്ചതും. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആൻഡി റോബർട്ട്സിൻ്റെ നേതൃത്വത്തിലുള്ള വിൻഡീസ് പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞു. കേവലം 183 റൺസെടുത്ത് ഇന്ത്യയുടെ എല്ലാവരും പുറത്തായി. വിൻഡീസിന് ഹാട്രിക്ക് കിരീടം എന്ന തരത്തിൽ പത്രങ്ങൾ അച്ചുകൾ നിരത്താൻ ആരംഭിച്ചു. ഇന്നിംഗ്സിൻ്റെ ഇടവേളയിൽ കപിൽ ദേവ് ഡ്രസിംഗ് റൂമിൽ വെച്ച് സഹതാരങ്ങളോട് എന്താണ് പറഞ്ഞെത് എന്നറിയില്ല. എന്ത് തന്നെയായാലും അത് ഗ്രൗണ്ടിൽ കണ്ടു. മദൻ ലാലും മൊഹീന്ദർ അമർനാഥും ബൽവിന്ദർ സന്ധുവും ചേർന്ന് വിൻഡീസിനെ വിറപ്പിച്ചു. 33 റൺസെടുത്ത റിച്ചാർഡ്സ് ആയിരുന്നു വിൻഡീസ് ടോപ്പ് സ്കോറർ. 52ആം ഓവറിലെ അവസാന പന്ത്. മൊഹീന്ദർ അമർനാഥിൻ്റെ ബാക്ക് ഓഫ് എ ലെംഗ്ത് ഡെലിവറിയുടെ ബൗൺസ് ജഡ്ജ് ചെയ്യാൻ വിൻഡീസിൻ്റെ അവസാന വിക്കറ്റായ മൈക്കൾ ഹോൾഡിംഗിനു സാധിച്ചില്ല. പാളിപ്പോയ ഒരു ഹാഫ് പുൾ ഷോട്ടിൽ ബാറ്റിനടിയിലൂടെ കടന്നുപോയ പന്ത് പാഡിൽ ഇടിക്കുന്നു. എൽബിഡബ്ല്യു അപ്പീൽ. അമ്പയർ വിരലുയർത്തുന്നു. ഇന്ത്യൻ ആഘോഷത്തിനു പങ്കാവാൻ ഗാലറിയിൽ നിന്ന് ആളുകൾ ഇരച്ചെത്തി. താരങ്ങൾ അവർക്കിടയിലൂടെ ഡ്രസിംഗ് റൂമിലേക്ക്.

പിന്നീടായിരുന്നു ഐക്കോണിക് ഇമേജ്. ലോർഡ്സ് ഗാലറിയിൽ പ്രുഡൻഷ്യൽ കപ്പുയർത്തി നിൽക്കുന്ന കപിൽ ദേവിൻ്റെ ചിത്രം ഒരു വിളംബരമായിരുന്നു. ആ ചിത്രത്തിൽ നിന്നാണ് സിരകളിലെ രക്തയോട്ടം പോലെ ഇന്ത്യയിൽ ക്രിക്കറ്റ് വേരുപിടിക്കാൻ തുടങ്ങിയത്. ബാക്കിയുള്ളത് ചരിത്രത്തിൻ്റെ ശേഷിപ്പ്.

Story Highlights: 1983 world cup anniversary today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here