മൂന്ന് മാസമായി വേദി നിശ്ചലമായിട്ട്, ജീവിതത്തിന്റെ താളം തിരിച്ചു പിടിക്കാനാവാതെ മന്നാന്‍ കൂത്ത് കലാകാരന്‍മാര്‍

lockdown, covid19, Mannan Kooth Artists

കൊവിഡ് മഹാമാരി കാരണം വിനോദസഞ്ചാര മേഖലയില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. രോഗവ്യാപനം ഏറ്റവും കൂടുതല്‍ നിശ്ചലമാക്കിയതും വിനോദസഞ്ചാര മേഖലയെ ആണ്. വിനോദ സഞ്ചാരികളുടെ വരവ് നിലച്ചപ്പോള്‍ തേക്കടിയിലെ ആദിവാസി കലാകാരന്‍മാരുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ ആദിവാസികളുടെ തനതു കലാരൂപങ്ങള്‍ അവതരിപ്പിച്ചു ഉപജീവനം നടത്തിയിരുന്ന കലാകാരന്‍മാര്‍ക്ക് ഇന്ന് തൊഴില്‍ ഇല്ല. ഈ കലാകാരന്‍മാരുടെ ഏക വരുമാനം നിലച്ചിട്ട് മൂന്ന് മാസങ്ങള്‍ പിന്നിടുന്നു.

കാടും മേടും കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് തലമുറ കൈമാറി കിട്ടിയ താളവും,ചുവടുകളും പരിചയപ്പെടുത്തിയിരുന്നു ഇവര്‍. വനം വകുപ്പ് നല്‍കിയ വേദിയില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി മുടങ്ങാതെ മന്നാന്‍ കൂത്ത് നടന്നിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വിനോദ സഞ്ചാര മേഖലയില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ വേദി നിശ്ചലമായി. ആദിവാസി ഗോത്ര വിഭാഗമായ മന്നാന്‍ സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാരുടെ ആരണ്യകം എന്ന കലാ സംഘമാണ് മന്നാന്‍ കൂത്ത് അവതരിപ്പിച്ചിരുന്നത്.

മന്നാന്‍ കൂത്ത്

ഇടുക്കി ജില്ലയിലെ വനമേഖലയില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാന്‍. മധുരമീനാക്ഷിയാണ് ഇവരുടെ ആരാധനാമൂര്‍ത്തി. വ്യവസ്ഥാപിതമായ ഭരണക്രമമുള്ള അപൂര്‍വം ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണിത്. രാജാവാണ് ഗോത്രത്തലവന്‍. മന്നാന്‍മാര്‍ക്ക് ഇപ്പോഴും രാജാവുണ്ട്. ഭരണത്തിന്റെ ആസ്ഥാനം ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍ മലയാണ്. രാജാവിന്റെ ആസ്ഥാനമായ കാഞ്ചിയാര്‍ മലയിലാണ് ‘കാലവൂട്ട്’ ഉത്സവം നടക്കുന്നത്, വിളവെടുപ്പുത്സവമാണിത്. മന്നാന്മാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് മന്നാന്‍കൂത്ത്. കോവിലന്റേയും കണ്ണകിയുടെയും കഥയാണ് കൂത്തിലെ പ്രമേയം.

കൂത്ത് ആരംഭിക്കുന്നതിന് മുന്നോടിയായി കഥകളിയിലെപ്പോലെ കേളി കൊട്ടി അറിയിക്കുന്ന സമ്പ്രദായമുണ്ട്. ഇലത്താളത്തിന്റെ രൂപത്തിലുള്ള ചാരല്, തുകല് കൊണ്ടുള്ള ‘മത്താളം’ എന്നീ ഉപകരണങ്ങളാണ് വാദ്യത്തിനായി ഉപയോഗിക്കുന്നത്. ദേവതാവന്ദനത്തോടെയാണ് കളി ആരംഭിക്കുന്നത്. കൂത്ത് ആടുന്നവര്‍ എന്ന് അര്‍ത്ഥമുള്ള കൂത്താടികളാണ് കളിയിലെ വേഷക്കാര്‍. പെണ്‍ത്താടികളും ആണ്‍ത്താടികളും രംഗത്ത് വരും. ആണുങ്ങള്‍ തന്നെയാണ് സ്ത്രീകളുടെ വേഷവും ചെയ്യുന്നത്. അരിപ്പൊടിയും വെളിച്ചെണ്ണയും ചേര്‍ന്ന കൂട്ടാണ് മുഖത്ത് തേക്കുന്നത്. കൈയില്‍ വളയും കാലില്‍ ചിലങ്കയും അണിയും. ആണുങ്ങള്‍ മുണ്ട് തറ്റുടുത്ത് തോര്‍ത്ത് തലയില്‍ കെട്ടും. ഓരോ പുതിയ കഥാപാത്രം രംഗത്ത് വരുന്നതിന് മുന്നോടിയായി തിരശ്ശീല ഉയര്‍ത്തി പിടിക്കുകയും ആചാരപ്പാട്ട് പാടുകയും ചെയ്യും. കുലദേവതകളെ സ്മരിച്ചു കൊണ്ടുള്ളതാണ് ആചാരപ്പാട്ട്. തുടര്‍ന്നാണ് കോവിലന്‍പാട്ട് തുടങ്ങുന്നത്.

കേരളത്തിലെ കലാരൂപങ്ങളില്‍ കണ്ടുവരുന്ന പൊറാട്ടുവേഷങ്ങള്‍ക്ക് സമാനമായ ‘കോമാളി’ മന്നാന്‍ കൂത്തിലുണ്ട്. കോമാളി ചെയ്യുന്ന ആളിന് ഇഷ്ടമുളള വേഷം അവതരിപ്പിക്കാം. കഥാപാത്രത്തിന് ചേര്‍ന്ന സാധാരണവേഷത്തിലാണ് കോമാളി വേദിയിലെത്തുന്നത്. മുഖംമൂടിയും ഉപയോഗിക്കും. കൂത്തിനിടയില്‍ നടത്തുന്ന സവിശേഷമായ നൃത്തമാണ് ‘കന്നിയാട്ടം’. സ്ത്രീകളാണ് കന്നിയാട്ടം നടത്തുന്നത്. കൂത്ത് അനുഷ്ഠാനനിഷ്ഠയോടു കൂടി നടത്തുമ്പോള്‍ മാത്രമേ കന്നിയാട്ടം നടത്താറുള്ളൂ. കണ്ണകിയുടെ കഥ ആവേശകരമായ മുഹൂര്‍ത്തങ്ങളിലെത്തുന്ന സന്ദര്‍ഭങ്ങളിലാണ് കന്നിയാട്ടാക്കാരിറങ്ങുന്നത്. അതോടെ വാദ്യം മുറുകുകയും പാട്ടും തുള്ളലും ദ്രുതഗതിയിലാകുകയും ചെയ്യും.

പ്രളയകാലത്തെ പ്രതിസന്ധികളില്‍ നിന്ന് കരകയറും മുന്നേ കൊവിഡ്

പ്രളയകാലത്തും ഈ കലാകാരന്‍മാര്‍ പ്രതിസന്ധിയിലായിരുന്നു. രണ്ട് കൊല്ലത്തെ പ്രളയം കാരണം വേദികള്‍ ഇല്ലാതായതോടെ വരുമാനവും ജീവിതവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുമ്പോഴാണ് കൊവിഡ് പൂര്‍ണമായും വഴിമുടക്കിയത്. ‘ പ്രളയത്തിനും മുന്നേ ശരാശരി ഒരുമാസത്തില്‍ 5000 രൂപയെങ്കിലും കലാകാരന്‍മാര്‍ക്ക് ലഭിച്ചിരുന്നു. പ്രളയത്തിന് ശേഷം വരുമാനം 2000 രൂപയിലേക്ക് ചുരങ്ങി. കൊവിഡ് കൂടി വന്നതോടെ വരുമാനം പൂര്‍ണമായും നിലച്ചു. വരുമാനം ഇല്ലാതായതോടെ പുതിയ കുട്ടികള്‍ പൈതൃക കല പഠിക്കാന്‍ മുന്നോട്ട് വരാത്ത അവസ്ഥയാണെന്ന് ആരണ്യകം കലാസംഘത്തിന്റെ പ്രസിഡന്റ് പി ബിജു പറയുന്നു.

‘ നൂറ് ശതമാനം ടൂറിസത്തെ മാത്രം ആശ്രയിച്ചായിരുന്നു മന്നാന്‍ കൂത്ത് നടത്തിയിരുന്നത്. ആ വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് പോയിരുന്നത്. മൂന്ന് മാസമായി ജോലിയില്ല. എല്ലാവരും വലിയ സാമ്പത്തിക പ്രയാസത്തിലാണ്’ ആരണ്യകം കലാ സംഘത്തിലെ അനീഷ് പറയുന്നു. സഞ്ചാരികളില്‍ നിന്ന് ലഭിക്കുന്ന തുകയായിരുന്നു നിത്യ വരുമാനം. ഇപ്പോള്‍ അതും നിലച്ചു. മഹാമാരിയുടെ പ്രതിസന്ധികള്‍ നീങ്ങുമ്പോള്‍ വിനോദ സഞ്ചാരികള്‍ക്കായി തപ്പും താളവുമായി കാത്തിരിക്കുകയാണ് ഇവര്‍.

 

Story Highlights: lockdown, covid19, Mannan Kooth Artists

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top