കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്ത് തടഞ്ഞുവയ്ക്കുന്നു; വ്യാപാരികള്‍ പ്രതിസന്ധിയില്‍

container

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അവശ്യവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്ത് തടഞ്ഞുവയ്ക്കുന്നുവെന്ന് വ്യാപാരികള്‍. ഇതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമേ വിട്ടുകൊടുക്കാവൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് കണ്ടെയ്‌നറുകള്‍ പിടിച്ചുവച്ചിരിക്കുന്നതെന്നാണ് വിവരം.

ഇന്ത്യാ ചൈന അതിര്‍ത്തി പ്രശ്‌നം തുടങ്ങിയതിനു ശേഷമാണ് കൊച്ചി തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പിടിച്ചിടാന്‍ തുടങ്ങിയതെന്ന് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ പറയുന്നു. ഉത്പന്നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് വിടൂ എന്നതാണ് കസ്റ്റംസ് നിലപാട്. കൊച്ചി തുറമുഖത്ത് പരിശോധനയൊന്നും നടത്താതെ കണ്ടെയ്‌നറുകള്‍ പിടിച്ചിടുകയാണ് ചെയ്യുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

കണ്ടെയ്‌നറുകള്‍ പിടിച്ചിട്ടതോടെ ഫര്‍ണിച്ചര്‍, പ്ലൈവുഡ്, വാഹനങ്ങളുടെ വിവിധ ഭാഗങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടൈല്‍, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ എന്നിവയുടെയെല്ലാം വില്‍പന പ്രതിസന്ധിയിലാകും എന്നും വ്യാപാരികള്‍ പറയുന്നു. ഇറക്കുമതി തീരുവ അടച്ച് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കണ്ടെയ്‌നറുകള്‍ പോലും തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ആരോപണം. കണ്ടെയ്‌നര്‍ തടഞ്ഞുവയ്ക്കുന്നതു വഴിയായി വലിയ സാമ്പത്തിക ബാധ്യതയാണ് വ്യാപാരികള്‍ക്ക് വരുന്നത്.

Story Highlights: containers, cochin port

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top