കാസര്‍ഗോഡ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് : ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രാവിവരങ്ങള്‍ മറച്ചുവെയ്ക്കരുത്

കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ.വി അറിയിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവര്‍ അവരുടെ ശരിയായ യാത്രവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും യാത്രാവിവരങ്ങള്‍ മറച്ചുവെക്കുന്നത് ജില്ലയില്‍ കൊവിഡ് 19 സാമൂഹിക വ്യാപനംപോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും ഡിഎംഒ അറിയിച്ചു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചെക്ക്പോസ്റ്റ് വഴി അനധികൃതമായി ജില്ലയിലേക്ക് പ്രവേശിച്ച ഒരാള്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം അവരുടെ യഥാര്‍ത്ഥ യാത്രാവിവരങ്ങള്‍ വെളിപ്പെടുത്താത്തതു മൂലം ഇവരുമായി ഇടപഴകിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ആരോഗ്യസ്ഥാപനങ്ങള്‍ അടച്ചിടേണ്ട സ്ഥിതിവിശേഷം ഉണ്ടാകുകയും ഇത് ജില്ലയിലെ ആരോഗ്യ സംവിധാനത്തെ താളം തെറ്റിക്കുകയും ചെയ്യും. ജല്‍സൂര്‍ പോലുള്ള ഊട് വഴികളിലൂടെയും അനധികൃതമായി ചെക്ക്പോസ്റ്റ് വഴിയും ജില്ലയിലേക്ക് വരുന്നത് കൊവിഡ്19 സ്ഥിരീകരിച്ചവരുടെ യാത്രാ വിവരങ്ങള്‍ കണ്ടെത്തുന്നതിനും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി സാമൂഹ്യ വ്യാപനം തടയുന്നതിനും ആരോഗ്യ വകുപ്പിന് ബുദ്ധിമുട്ടുണ്ടാക്കും. ആയതിനാല്‍ അനധികൃതമായി ഇതരസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് വരാരുതെന്ന് ഡിഎംഒ അറിയിച്ചു.

 

 

Story Highlights: Covid 19: public should be cautious in Kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top