പാകിസ്താനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു

PUBG

ഏറെ ജനപ്രീതി നേടിയ ഓണ്‍ലൈന്‍ ഗെയിമായ പ്ലേയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട് (പബ്ജി) പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷന്‍ ഉണ്ടാക്കുന്ന മാനസിക, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് പബ്ജി നിരോധിച്ച വിവരം അറിയിച്ചിരിക്കുന്നത്. കുട്ടികളില്‍ പബ്ജി ഗുരുതരമായ മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കുന്നതായുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

പബ്ജി ഗെയിമിനുള്ള ഇന്റര്‍നെറ്റ് അക്‌സസ് ആണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്. പബ്ജിയിലെ മിഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തിന്റെ പേരില്‍ ലാഹോറില്‍ 16 കാരന്‍ കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ പബ്ജി നിരോധിക്കണമെന്ന് ലാഹോര്‍ പൊലീസ് ശുപാര്‍ശ ചെയ്തിരുന്നതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പബ്ജിയെക്കുറിച്ചുള്ള പരാതികള്‍ കേട്ട ലാഹോര്‍ ഹൈ കോര്‍ട്ട് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയോട് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ഈ മാസം ഒന്‍പതിന് പരിഗണിക്കാനിരിക്കെയാണ് താത്കാലികമായി പബ്ജി നിരോധിച്ചിരിക്കുന്നത്.

2017 ല്‍ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സബ്‌സിഡിയറിയായ പബ്ജി കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ബാറ്റില്‍ റോയല്‍ ഗെയിമായിരുന്നു പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് ( പബ്ജി). അതിജീവനം ആശയമാക്കിയുള്ള ഗെയിമായിരുന്നു ഇത്. പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ മാത്രം ലഭിച്ചിരുന്ന പബ്ജി ഗെയിം സ്മാര്‍ട്ട്‌ഫോണുകളിലേക്കും എത്തിയതോടെ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്.

Story Highlights: Pakistan temporarily bans PUBG

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top