സിന്ദൂരവുമില്ല, താലിയുമില്ല; സിന്ദൂരം തൊടാത്തതിന് വിവാഹമോചനം അനുവദിച്ച കോടതി വിധിക്കെതിരെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രതിഷേധം

twitter Shares Pics With No Sindoor Or Mangalsutra

സിന്ദൂരം തൊടാത്തതിന് വിവാഹ മോചനം അനുവദിച്ച ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു. നിരവധി പേരാണ് സിന്ദൂരവും താലി മാലയുമൊന്നും അണിയാതെ വിവാഹിതയാണെന്ന് ‘തെളിയിക്കുന്ന’ ‘അടയാളങ്ങളൊന്നും’ ഇല്ലാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

‘വളകളോ, സിന്ദൂരമോ, പൊട്ടോ, താലി മാലയോ ഒന്നും വിവാഹത്തിന്റെ അടയാളങ്ങളല്ല. ഞങ്ങൾ ഇതൊന്നിമില്ലാതെയാണ് വിവാഹിതരായത്’- ഒരു ട്വിറ്റർ ഉപഭോക്താവ് ട്വിറ്ററിൽ കുറിച്ചു. ഒരു വിവാഹ ബന്ധത്തിൽ വേണ്ടത് താലിയും സിന്ദൂരവുമല്ല മറിച്ച് പ്രണയവും പരസ്പര ധാരണയുമാണെന്ന് മറ്റൊരു പോസ്റ്റിൽ പറയുന്നു.

ഇന്ത്യൻ സംസ്‌കാരത്തിൽ പലപ്പോഴും സ്ത്രീകളെ ചുറ്റിപറ്റിയാണ് ആചാരങ്ങളെല്ലാം. ആർത്തവം മുതൽ സ്ത്രീ ധരിക്കുന്ന വസ്ത്രത്തിലും ഭക്ഷണത്തിലും വരെ ഇത്തരം കടന്നുകയറ്റങ്ങളുണ്ട്. സ്ത്രീക്കും പുരുഷനും തുല്യനീതി അനുവദിക്കേണ്ട കോടതി തന്നെ ഒരു ലിംഗം മാത്രം വിവാഹത്തിന് ശേഷം വിവാഹിതയാണെന്ന് പ്രകടമാക്കുന്ന തരത്തിലുള്ള അടയാളങ്ങൾ ധരിക്കണമെന്ന് വാശിപിടിക്കുന്നത് വിവേചനപരമാണ്.

ഭാര്യ സിന്ദൂരം തൊടാൻ വിസമ്മതിച്ചു; ഭർത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

കഴിഞ്ഞ ദിവസമാണ് വിവാഹശേഷം ഭാര്യ സിന്ദൂരം നെറ്റിയിൽ തൊടാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്താവിന് ഗുവാഹത്തി ഹൈക്കോടതി വിവാഹ മോചനം നൽകുന്നത്. ഹിന്ദു ആചാര പ്രകാരം സഖ (വിവാഹത്തിന് ശേഷം ധരിക്കുന്ന വളകൾ) ഇടാത്തതും സിന്ദൂരം തൊടാത്തതും വിവാഹത്തെ സ്ത്രീ നിരാകരിക്കുന്നതായാണ് കാണിക്കുന്നതെന്ന് കോടതി പറഞ്ഞു. സഖയും സിന്ദൂരവും ഇല്ലാത്തത് സ്ത്രീയെ അവിവാഹിതയെന്ന് തോന്നിപ്പിക്കും. ഭർത്താവുമായുള്ള ബന്ധത്തോട് അവരുടെ സമ്മതമില്ലായ്മയാണത്. അപ്പീൽ നൽകിയ ആളുമായി ഭാര്യയ്ക്ക് ബന്ധം തുടരാൻ താത്പര്യമില്ലാത്തതാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ, ജസ്റ്റിസ് സൗമിത്ര സായ്കിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ വിചിത്ര വിധി പുറപ്പെടുവിച്ചത്.

Story Highlights- twitter Shares Pics With No Sindoor Or Mangalsutra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top