‘കടുവയെ കുറുവച്ചന്‍ മോഷ്ടിച്ചതോ..?’ ജിനുവിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍…

kaduvakunnel kuruvachan

സുരേഷ് ഗോപിയുടെ 250 -ാം ചിത്രമായാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിക്കുകയും മോഷന്‍ പോസ്റ്റര്‍ പുറത്തുവിടുകയും ചെയ്തതിന് പിന്നാലെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഒരു പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലുള്ള സംഭാഷണത്തോടെയാണ് മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. പള്ളിപ്പെരുന്നാളിനിടയിലെ അനൗണ്‍സ്‌മെന്റിനൊപ്പമാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ അവതരണം. ‘കുരിശുപള്ളി കവലയിലേക്ക് വന്നാല്‍ എസ്‌ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്..!’ എന്നാണ് അനൗണ്‍സ്‌മെന്റ്. മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയതോടെ സുരേഷ് ഗോപിയുടെ ചിത്രത്തിലെ സ്റ്റൈലും ഗെറ്റപ്പുമെല്ലാം ചര്‍ച്ചയായിരുന്നു.

Read Also : സുരേഷ് ഗോപിയുടെ 250 -ാം ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന്റെ ചിത്രീകരണത്തിന് കോടതി വിലക്ക്

ഇതിന് പിന്നാലെയാണ് കടുവാക്കുന്നേല്‍ കുറുവച്ചനെതിരേ കോടതിയില്‍ ഹര്‍ജി എത്തിയത്. വാദം കേട്ട കോടതി സിനിമയുടെ ചിത്രീകരണത്തിന് വിലക്കേര്‍പ്പെടുത്തി. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിനു ഏബ്രഹാം ആണ് കോടതിയെ സമീപിച്ചത്. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് സ്വന്തമാക്കി എന്നാണ് ആരോപണം.

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്. സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞുകൊണ്ടാണ് ഉത്തരവ്.

ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ഇതിന്റെ തിരക്കഥ. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും ഒരുക്കി.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ നിര്‍മിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു. ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

Story Highlights kaduvakunnel kuruvachan legal fight

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top