കടൽക്കൊല കേസ്; വിധിക്ക് എതിരെ അപ്പീൽ നൽകില്ലെന്ന് ഇന്ത്യ

കടൽക്കൊല കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിക്ക് എതിരെ അപ്പീൽ നൽകേണ്ടെന്ന് ഇന്ത്യയുടെ തീരുമാനം. കടൽക്കൊല കേസിലെ ക്രിമിനൽ നടപടികൾ ഉപേക്ഷിക്കാനും തീരുമാനമായി. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കേണ്ടെന്നും ഇന്ത്യ. ചരിത്രത്തിൽ ആദ്യമായാണ് രാജ്യാതിർത്തിയിൽ നടന്ന കൊലപാതകത്തിന്റെ വിചാരണ ഉപേക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കടൽക്കൊലക്കേസിൽ അന്താരാഷ്ട്ര കോടതിയുടെ നിർണായക ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യയിൽ വിചാരണ സാധ്യമല്ലെന്നും എന്നാൽ കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്രസർക്കാർ ആർബിട്രേഷൻ ട്രൈബ്യൂണൽ പ്രഖ്യാപിച്ചു. ഇറ്റലിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Read Also: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; പുതിയ കേസുകളുടെ 62 ശതമാനവും മഹാരാഷ്ട്രയിൽ

ജീവഹാനി, ശാരീരികമായ ഉപദ്രവം, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യയും ഇറ്റലിയും പരസ്പരം ചർച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ ട്രൈബ്യൂണലിന്റെ റൂളിംഗിനായി സമീപിക്കാമെന്നും പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ ഉത്തരവിട്ടു.

2012ൽ ആണ് കേസിനാസ്പദമായ സംഭവം. ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്‌സിയിലെ നാവികർ നടത്തിയ വെടിവയ്പിൽ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെടുകയായിരുന്നു. കേസിൽ ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു. പിന്നീട് ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് ലത്തോറിനെ ഇറ്റലിയിലേക്ക് പോകാൻ കോടതി അനുവദിച്ചു. നാലുവർഷം ഇന്ത്യയിൽ തടവിൽ കഴിഞ്ഞ സൽവത്തോറെ ജിറോൺ പിന്നീട് മോചിതനായി. സുപ്രിംകോടതി ഇടപെട്ടാണ് ജിറോണിനെ ജയിൽ മോചിതനാക്കിയത്.

india- italy, sea gun fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top