അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം ആരംഭിച്ചു

Chinese troops have begun withdrawing from border

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങി. ഇന്ത്യന്‍ സൈനികരെ ആക്രമിച്ച ഗാല്‍വാനില്‍ നിന്ന് അടക്കം ചില മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം നടത്തി എന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ചൈനീസ് സേന വാഗ്ദാനം ചെയ്തത് പോലെ പിന്മാറ്റം സമയബന്ധിതമായി നടപ്പാക്കാത്തതില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ അമര്‍ഷം അറിയിച്ചിരുന്നു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നത തല പ്രത്യേക പ്രതിനിധി സംഘത്തിന്റെ ചര്‍ച്ച ആരംഭിച്ചു.

അതിര്‍ത്തിയില്‍ നിന്നും സമയബന്ധിതമായ പിന്മാറ്റമായിരുന്നു മൂന്നാം സൈനികതല ചര്‍ച്ചയിലെ ചൈനയുടെ വാഗ്ദാനം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നേരിട്ടെത്തി ഇക്കാര്യം പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം പട്രോളിംഗ് സംഘത്തെ വിന്യസിച്ചിരുന്നു. ഗല്‍വാന്‍, ഹോട് സ്പ്രിംഗ്‌സ് എന്നിവിടങ്ങളില്‍ അടക്കം ഇപ്രകാരം ഇന്ത്യയുടെ പട്രോള്‍ സംഘങ്ങള്‍ എത്തി പരിശോധന നടത്തി. ഇവിടെ നിന്നെല്ലാം വാഗ്ദാനം ചെയതത് പോലെയുള്ള പിന്മാറ്റത്തിന് ചൈന തയ്യാറായിട്ടില്ല എന്ന് ബോധ്യപ്പെട്ടു. ഇക്കാര്യത്തില്‍ അമര്‍ഷം ഇന്ത്യന്‍ സേന ചൈനീസ് സേനയെ അറിയിച്ചു. തുടര്‍ന്നാണ് പിന്മാറ്റ നടപടികള്‍ തുടങ്ങിയത്.

ഇപ്പോള്‍ ഗാല്‍വാന്‍ അടക്കമുള്ള മേഖലകളില്‍ നിന്നും ഒന്നുമുതല്‍ രണ്ട് വരെ കിലോമീറ്റര്‍ വരെ പിന്മാറി ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. സാധാരണ പരിശോധനയ്ക്കിടെയാണ് ജൂണ്‍ 15ന് ഗല്‍വാനില്‍ ഇന്ത്യന്‍ സേന ആക്രമണത്തിനിരയായത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പാലിച്ചാണ് പട്രോളിംഗ് സംഘത്തിന്റെ നിരീക്ഷണം. പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങളും ഇന്നലെ തുടക്കമിട്ടു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യയെ പ്രതിനിധികരിച്ചത്. വരും ദിവസങ്ങളിലും ചര്‍ച്ച തുടരും. ചൈനീസ് വിദേശകാര്യ മന്ത്രി അടക്കമുള്ളവരാണ് ചൈനീസ് സംഘത്തില്‍ ഉള്ളത്.

 

Strory Highlights: Chinese troops have begun withdrawing from border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top