കൊവിഡ് അടിയന്തരഘട്ടത്തെ നേരിടാൻ ഈ മരുന്നുകൾക്ക് സാധിക്കുമോ ? [ 24 Fact Check]

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഏത് നിമിഷവും ഒരു അതിവേഗ രോഗവ്യാപനമുണ്ടാകുമെന്ന ഭയത്തിലാണ് നാം ഓരോരുത്തരും. ഈ സാഹചര്യത്തിലാണ് അത്യാവശ്യഘട്ടത്തിൽ കയിൽ കരുതേണ്ട മരുന്നുകൾ എന്ന പേരിൽ ഒരു പട്ടിക നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നമ്മിൽ പലർക്കും ലഭിച്ച ആ സന്ദേശം എന്നാൽ വ്യാജമാണ്.
ടാറ്റ ഡിജിറ്റൽ ഹെൽത്തിന്റെ പേരിലാണ് വ്യാജ പ്രചരണം. പാരസിറ്റമോൾ, ബെറ്റാഡിൻ ഗാർഗിൾ, വിറ്റമിൻ സി ബി കോംപ്ലക്‌സ് ഗുളികകൾ, ഓക്‌സിജൻ സിലിണ്ടർ തുടങ്ങി പത്ത് കാര്യങ്ങളാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. ഒപ്പം രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളും, ഏത് ഘട്ടത്തിലാണ് ആശുപത്രിയെ ചികിത്സയ്ക്കായി സമീപിക്കേണ്ടതെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.
എന്നാൽ ഈ മരുന്നുകളുപയോഗിച്ചുകൊണ്ടുള്ള കൊവിഡ് സ്വയം ചികിത്സ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. കാരണം പാരസിറ്റമോൾ പനിക്കും മറ്റും സാധാരണ രീതിയിൽ കഴിക്കുന്ന മരുന്നാണ്. ബെറ്റാഡിൻ ഗാർഗിൾ ഒരു മൗത്ത് വാഷ് മാത്രമാണ്. വിറ്റമിൻ സി, ബി കോംപ്ലക്‌സ് ഗുളികയെല്ലാം സാധാരണ വിറ്റമിൻ സപ്ലിമന്റുകളാണ്. ഈ മരുന്നുകളൊന്നും ഡോക്ടർമാർ പറയാതെ വെറുതെ കഴിക്കരുതെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എന്നാൽ കൊവിഡിനെ തുരത്താൻ ഒരു പാരസിറ്റമോളിന് സാധിക്കുമായിരുന്നുവെങ്കിൽ ലോകത്ത് ഇത്രയധികം ആളുകൾ മരിച്ചുവീഴില്ലായിരുന്നുവെന്ന ചെറിയ കാര്യം ആലോചിച്ചാൽ മതി ഈ പ്രചരണം കള്ളമാണെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ.
വാർത്ത തള്ളി ടാറ്റ ഹെൽത്തും രംഗത്തെത്തിയിട്ടുണ്ട്. ടാറ്റ ഹെൽത്ത് ഇത്തരത്തിലൊരു പട്ടികയും പുറത്തിറക്കിയിട്ടിലെന്ന് ട്വീറ്റിലൂടെ അറിയിച്ചു.
Story Highlights- COVID Medical Kit circulates internet 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here