സ്വർണക്കടത്ത് കേസിൽ കേരളാ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കേരളാ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നൽകി. കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ഡിജിപിക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തത് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യം. കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വ്യാജ വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതിലും അന്വേഷണം വേണം. കൂടാതെ ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചതിലും അന്വേഷണം വേണമെന്നും ചെന്നിത്തല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രാജി വച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍.

Read Also : സ്വർണക്കടത്ത് കേസ്; യുഎഇയിൽ അന്വേഷണം നടത്താൻ എൻഐഎ അനുമതി തേടും

അതേസമയം കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് നടന്നതായി റിപ്പോർട്ട് പുറത്തുവന്നു. ഈ വർഷം മാത്രം കടത്തിയത് 107 കിലോ സ്വർണമെന്നാണ് സൂചന. ചെറിയ അളവുകളിലാണ് സ്വർണം കടത്തിയത്. സ്വപ്‌ന ഈ വർഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതിൽ രണ്ടുതവണ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന ഡിആർഐ നിരീക്ഷണത്തിലുണ്ടായിരുന്നു.

കൂടാതെ എൻഐഎ സ്വർണക്കടത്ത് കേസ് പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും. പ്രതികൾക്ക് എതിരെ നിർണായക തെളിവ് ലഭിച്ചത് ഭാര്യമാരുടെ മൊഴിയിലൂടെയാണ്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരാണ് മൊഴി നൽകിയത്. സ്വർണക്കടത്തിന് മുന്നോടിയായി പതിനഞ്ചോളം പേരെ പ്രതികൾ വിളിക്കാറുണ്ടെന്നും മൊഴിയുണ്ട്. യുവതികളുടെ രഹസ്യ മൊഴി എടുക്കാൻ എൻഐഎ നടപടി തുടങ്ങി. ഇവരുടെ മൊഴിയിൽ പതിനഞ്ചോളം പേരാണ് കേസിൽ നിരീക്ഷണത്തിലുള്ളത്. സാക്ഷിയായ സ്ത്രീകളുടെ ജീവന് സംരക്ഷണം നൽകാൻ എൻഐഎ നടപടി തുടങ്ങി.

Story Highlights ramesh chennithala, gold smuggling case, dgp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top